X
    Categories: indiaNews

ചരിത്രം രചിച്ച് നാവികസേന; യുദ്ധക്കപ്പലുകളില്‍ രണ്ടുവനിതകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ചരിത്രത്തിലേക്ക് രണ്ടു വനിതകളുടെ അരങ്ങേറ്റം. യുദ്ധക്കപ്പലുകളിലേക്കാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്, സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും നിയമിക്കപ്പെടുന്നത്. യുദ്ധക്കപ്പലുകളുടെ ഡെക്കില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ പറത്തുന്ന ആദ്യത്തെ വനിതാ എയര്‍ബോണ്‍ ടാക്റ്റീഷ്യന്‍സായി മാറാന്‍ ഒരുങ്ങുകയാണ് ഈ രണ്ടു നാവികസേനാ ഓഫീസര്‍മാരും. ഇവരുടെ വരവോടുകൂടി ഈ രംഗത്തും സ്ത്രീ-പുരുഷ തുല്യത കൈവരും.

ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകള്‍, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.

നാവികസേനയുടെ ഏറ്റവും പുതിയ ചോപ്പര്‍ ആയ MH 60 റോമിയോ ഇവര്‍ പറത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധകമ്പനിയായ ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് നല്‍കുന്ന അത്യാധുനിക ആന്റി സര്‍ഫസ്, ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ചോപ്പറുകളാണ് MH 60 റോമിയോകള്‍. ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ ചോപ്പറുകളാണ് ഇവ. ഇവയില്‍ സമുദ്രാന്തര്‍ ഭാഗത്ത് ഒളിച്ചിരിക്കുന്ന സബ്മറൈനുകളെ കണ്ടെത്താനുള്ള സെന്‍സറുകളും റഡാറുകളും ഒക്കെയുണ്ട്. ഈ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിനു പുറമെ ഇവയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഹെല്‍ഫയര്‍ മിസൈലുകള്‍, പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ്, എംകെ 54 ടോര്‍പിഡോകള്‍ എന്നിവയും പ്രയോഗിക്കാനുള്ള സവിശേഷ പരിശീലനം സിദ്ധിച്ചവരാകും ഈ രണ്ടു വനിതാ ഓഫീസര്‍മാരും.

ഹൈദരാബാദ് സ്വദേശിയാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്. തലമുറകളായി സൈനികോദ്യോഗസ്ഥരാണ് കുടുംബം. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2015 ല്‍ കിരണ്‍ ശെഖാവത്ത് എന്ന ഒരു നാവികസേനാ ഉദ്യോഗസ്ഥ അപകടത്തില്‍ മരിച്ചതാണ് നേവല്‍ ഏവിയേഷന്‍ രംഗത്തേക്ക് കടന്നുവരാന്‍ കുമുദിനിക്ക് പ്രേരണയായത്.

 

chandrika: