X

മുസ്‌ലിംലീഗിന്റെ പ്രസക്തി

ഷാജഹാന്‍ മാടമ്പാട്ട്
സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാതെ ഒരു മതന്യൂനപക്ഷത്തിന് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ഭാഷ രൂപപ്പെടുത്തിയത് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയമാണ്. മുസ്‌ലിം ലീഗ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ വയനാട് നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ്. യോഗി ആദിത്യനാഥ് മുസ്‌ലിംലീഗിനെ ഒരു ‘വൈറസ്’ ആയി വിശേഷിപ്പിക്കുകയും കോണ്‍ഗ്രസ് വിജയിക്കുന്ന പക്ഷം ഈ’വൈറസ്’ ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസ്തുത തീരുമാനം പ്രധാനമന്ത്രി മോദിയില്‍നിന്നും തീര്‍ത്തും മോശമായ ഒരു വര്‍ഗീയ പരാമര്‍ശത്തിനുംകൂടി ഇടയാക്കി. അദ്ദേഹം വയനാടിനെ വിശേഷിപ്പിച്ചത് ‘ഭൂരിപക്ഷം ന്യൂനപക്ഷമായ’ മണ്ഡലമെന്നാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് കാരണം കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍, കൗതുകകരമെന്ന് പറയട്ടെ, സംഘ്പരിവാര്‍ ഭാഷ്യത്തോട് അസാമാന്യമായ സമാനതകള്‍ പുലര്‍ത്തുന്നവയാണ്.

ബി.ജെ.പിയുടെ ഭ്രാന്തമായ പാകിസ്താന്‍ ബാധയും മുസ്‌ലിം വിരോധവും ഒന്നിച്ചുചേര്‍ത്തു ഒരു പുതിയ തെരഞ്ഞെടുപ്പാഖ്യാനം നിര്‍മിച്ച വേളയില്‍ മുസ്‌ലിം ലീഗ് പതാകയുടെ വര്‍ണം, മുസ്‌ലിം ലീഗിനുമേല്‍ ആരോപിക്കപ്പെടുന്ന പാകിസ്താന്‍ ബന്ധത്തിന്റെ ദു:സ്സൂചനകള്‍, ജിന്നയുടെ സര്‍വേന്ത്യാ മുസ്‌ലിം ലീഗുമായുള്ള നാമ സമാനതകള്‍ തുടങ്ങിയവ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. മുസ്‌ലിംകള്‍ക്കുള്ള ഒരേയൊരാശ്വാസം മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്‌ലിംകളെ മാത്രമല്ല, മറിച്ച് മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാക്കി ചിത്രീകരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയാണോ? പാര്‍ട്ടിയുടെ പേരിലെ ‘മുസ്‌ലിം’ ആണ് തിടുക്കത്തില്‍ മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കി വിധിയെഴുതാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കന്നത്. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷങ്ങളായി ഈ പാര്‍ട്ടി കേരളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് വെറുപ്പിന്റെയോ വിഭാഗീയതയുടെയോ രാഷ്ട്രീയത്തില്‍ നാളിതുവരെ മുസ്‌ലിം ലീഗ് ഏര്‍പ്പെട്ടിട്ടില്ല എന്നാണ്. മറ്റുള്ളവരോടുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ ഒരു മത വിഭാഗം രാഷ്ട്രീയമായി സംഘടിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ മുസ്‌ലിംലീഗ് ഒരിക്കലും അതിന്റെ അണികളെയോ രാഷ്ട്രീയ/ഭരണ സ്വാധീനത്തെയോ മതസാമുദായിക വിഭജനത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രത്യുത, സംസ്ഥാനം എപ്പോഴല്ലാം സംഘര്‍ഷ സാധ്യത അഭിമുഖീകരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം മുസ്‌ലിംലീഗ് അവസരത്തിനൊത്ത് ഉയരുകയും കലാപങ്ങളുടെ തീയണക്കാന്‍ നെടുനായകത്വം വഹിക്കുകയും ചെയ്തു.

ഒരു കാര്യം പറയുന്നത് പ്രസക്തമാവും. സംസ്‌കൃത ഭാഷ, ഇന്‍ഡോളജി, ഇന്ത്യന്‍ തത്വശാസ്ത്രം, ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയുടെ പരിപോഷണത്തിനും വികാസത്തിനുംവേണ്ടി കാലടിയില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് മുസ്‌ലിംലീഗ് നേതാവ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്.
കൗതുകകരമായ വസ്തുത, വിവിധ വിഭാഗങ്ങള്‍ മുസ്‌ലിംലീഗുമായി വഴിപിരിയാനും മുസ്‌ലിം ലീഗ് വിരുദ്ധ പാര്‍ട്ടികള്‍ രൂപീകരിക്കാനും കാരണമായി പറഞ്ഞത് മുസ്‌ലിം ലീഗ് എല്ലാ ഘട്ടങ്ങളിലും മൃദുല സമീപനവും തീവ്രവാദ വിരുദ്ധ നിലപാടും മാത്രമാണെടുക്കുന്നതെന്നാണ്. ഉദാഹരണത്തിന്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടിയുമായി കലഹിച്ച് 1994 ല്‍ ഐ.എന്‍.എല്‍ രൂപീകരിച്ചു. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനോടുള്ള പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാറില്‍നിന്ന് രാജിവെക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മുസ്‌ലിംഗ് കാണിച്ചില്ല എന്ന കാരണത്താലാണ് അദ്ദേ ഹം കലാപം നയിച്ചത്. സാമുദായിക സൗഹാര്‍ദം എന്ന വിശാല താല്‍പര്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയില്‍ തുടരാനുള്ള തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു മുസ്‌ലിംലീഗ് പക്ഷം. മറിച്ചൊരു വൈകാരിക തീരുമാനമായിരുന്നു മുസ്‌ലിംലീഗ് എടുത്തതെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ വര്‍ഗീയ ഭ്രാന്താവസ്ഥയിലേക്ക് അത് എത്തിക്കുമായിരുന്നു. സുലൈമാന്‍ സേട്ട് രൂപം കൊടുത്ത ഐ.എന്‍.എല്‍ ഇന്ന് എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാണെന്നുള്ളത് വിരോധാഭാസമത്രെ.

മുസ്‌ലിം ലീഗ് വര്‍ഗീയമല്ലെകില്‍ പിന്നെയതെന്താണ്? വിഭജനാനന്തരം സംജാതമായ കലുഷിതമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ട് സ്വയം ഉന്നമനത്തിനും ശാക്തീകരണത്തിനും ഒരു സംഘടന ആവശ്യമാണെന്ന് മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തില്‍ ജീവിച്ച വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഭജനത്തിന്റെ ദു:സ്വപ്‌നങ്ങള്‍ പേറാത്ത കേരള മണ്ണില്‍ മുസ്‌ലിംലീഗ് വേരുറപ്പിച്ചു. കേരളത്തിലെ പൊതുജീവിതത്തിലെ സകല തുറകളിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് സൂക്ഷ്മതയോടെ നിര്‍മിച്ചെടുത്ത ഒരു രാഷ്ട്രീയ രീതിയാണ് പിന്തുടരുന്നത്. മുസ്‌ലിംലീഗ് ഇത് സാധ്യമാക്കിയത് അന്യസമുദായങ്ങളുമായി കൊമ്പ് കോര്‍ത്തുകൊണ്ടായിരുന്നില്ല.

തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ തുടങ്ങിയ ഗള്‍ഫ് സമ്പത്തിന്റെ വരവ്, ഇടത് പക്ഷത്തിന്കൂടി ക്രെഡിറ്റ് അവകാശപ്പെടാവുന്ന കേരളത്തിന്റെ സവിശേഷമായ സൗഹൃദ സാമൂഹികാവസ്ഥ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ഉടലെടുത്ത കീഴാള ജനപഥങ്ങളുടെ സമര പാരമ്പര്യം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ മുസ്‌ലിംലീഗെന്ന രാഷ്ട്രീയ കക്ഷിയെ ഉരവം ചെയ്യിക്കുന്നതില്‍ സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ‘വര്‍ഗീയ’ മെന്ന വിശേഷണത്തേക്കാളേറെ ‘സാമുദായികം’ എന്ന് വിശേഷിപ്പിക്കേണ്ട രാഷ്ട്രീയം പ്രാവര്‍ത്തികമാക്കി മുസ്‌ലിം ലീഗ് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ പൗരത്വം എന്ന പരികല്‍പനയെ സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് യാഥാര്‍ഥ്യമാക്കിക്കൊടുത്തു. യഥാര്‍ത്ഥത്തില്‍, രാജ്യത്ത് കേരള മുസ്‌ലിംകള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ പൗരത്വം ആസ്വദിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാവില്ല. രാജ്യ ഘടനയിലെ ഇതര സാമൂഹ്യ ഘടകങ്ങളെ അന്യവത്കരിക്കാതെ ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിംലീഗ് പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയം കുറ്റമറ്റ മലയാളി സവിശേഷതകളോടെ ഒരു ഭാഷയും ശൈലിയും സൃഷ്ടിച്ചു. സ്വയം ഒറ്റപ്പെട്ട് നില്‍ക്കുന്നതില്‍ ഉന്‍മാദം കണ്ടെത്തുന്ന ഇന്ത്യയിലെ ഇതര മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും മുസ്‌ലിം ലീഗിനെ വേറിട്ടുനിര്‍ത്തുന്നത് അത് സമുദായത്തെ സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത്തന്നെ പ്രതിഷ്ഠിക്കാന്‍ കഠിനാധ്വാനം ചെയ്തു എന്നതാണ്. വിവിധ സമുദായങ്ങള്‍ ഒരൊറ്റ മതനിരപേക്ഷ കുടക്കീഴില്‍ ഒത്തുകൂടുന്നതാണ് അഭിലഷണീയമെങ്കിലും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അധ:സ്ഥിതരും പുറമ്പോക്കില്‍ ജീവിക്കുന്നവരും സ്വയം സംഘടിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയ ശാക്തീകരണം സാധ്യമാവുന്നുള്ളൂ എന്നതാണ്. ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി മുതലായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് തെളിവാണ്. മറ്റുള്ളവര്‍ ഇത്തരം രാഷ്ട്രീയ രീതികളെ കുറിച്ച് ചിന്തിക്കുന്നതിന് ദശകങ്ങക്ക്മുമ്പ് തന്നെ സ്വത്വ രാഷ്ട്രീയം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതിന്റെ ക്രെഡിറ്റ് മുസ്‌ലിംലീഗ് സ്ഥാപക നേതാക്കള്‍ക്ക്മാത്രം അവകാശപ്പെട്ടതാണ്.

ഒരിക്കലും മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയായിരുന്നില്ല. ഇതുകൊണ്ട് തന്നെയാവണം ബഹുമുഖ മാനമുള്ള കേരള രാഷ്ട്രീയ ഘടനയില്‍ മുസ്‌ലിംലീഗ് മാന്യവും അനിഷേധ്യവുമായ ഘടകമായി നിലകൊള്ളുന്നത്. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് മുസ്‌ലിംലീഗ് പാര്‍ലമന്റംഗം ഇ. അഹമ്മദിനെ ഇന്ത്യയുടെ പ്രതിനിധിയായി ഐക്യ രാഷ്ട്ര സഭയിലേക്കയക്കാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല എന്ന് മനസിലാക്കിയാല്‍ തന്റെ ജല്‍പനങ്ങള്‍ അസ്ഥാനത്താണെന്ന് യു.പി മുഖ്യന് ബോധ്യപ്പെടും.
(കടപ്പാട്: indianexpress.com )
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ

chandrika: