X

വിമാനത്താവളത്തില്‍ യുവതിയെ വസ്ത്രമഴിച്ച് പരിശോധന; വിശദീകരണം തേടി സുഷമാ സ്വരാജ്

ബെംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയെ സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ ദിവസം (മാര്‍ച്ച് 29) ബംഗളൂരുവില്‍ നിന്ന് ഐസ്ലാന്‍ഡിലേക്ക് പോയ ശ്രുതി ബസപ്പ എന്ന 30 കാരിക്കാണ് ജര്‍മന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവമുണ്ടായത്.

വിമാനത്താവളത്തില്‍ നിന്നുമുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാല് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ചായിരുന്നു പരിശോധന. മുഴുവന്‍ പരിശോധന കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഒടുവില്‍ ഐസ് ലാന്‍ഡുകാരനായ ഭര്‍ത്താവ് ഇടപെട്ടപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അയഞ്ഞതെന്നും യുവതി അറിയിച്ചു.

തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്നാണ് ശ്രുതിയുടെ ആരോപണം.ആരോപിച്ചു. എന്തു തരം പരിശോധനയ്ക്കും തയാറാണെന്ന് അറിയിച്ചിട്ടും സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധനയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ശസ്ത്രക്രിയയുടെ രേഖകള്‍ ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും സംശയാലുക്കളായ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ചുള്ള പരിശോധനക്ക് ശഠിക്കുകയായിരുന്നു. ആറു വര്‍ഷം യൂറോപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവര്‍ ഇത്തരം നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്നാണ് യുവതിയുടെ വാദം. തുടര്‍ന്ന് യുവതിയുടെ ആവശ്യാര്‍ത്ഥം ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഐസ്‌ലന്‍ഡ് പൗരനായ ഭര്‍ത്താവിനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തിയതായും വസ്ത്രമഴിച്ചുള്ള പരിശോധന ഒഴുവാക്കിയതായും യുവതി അറിയിച്ചു.

chandrika: