X

2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍, പ്രതിപക്ഷ ഐക്യം അനിവാര്യം; അമൃത്യാസെന്‍

ന്യൂഡല്‍ഹി: രാജ്യം 2014 മുതല്‍ തെറ്റായ പാദയിലാണ് സഞ്ചരിക്കുന്നതെന്നും നിലവില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യയെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമൃത്യാസെന്‍ പറഞ്ഞു. അമര്‍ത്യ സെന്നും ഴാങ് ദ്രെസ്സെയും ചേര്‍ന്നെഴുതിയ ‘ഇന്ത്യയും ഇന്ത്യയുടെ വൈരുദ്ധ്യങ്ങളും'(India and its Contradictions) എന്ന പുതിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്കിടെയാണ് നൊബേല്‍ പുരസ്‌കാരജേതാവ് കൂടിയായി അമൃത്യാസെന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

കാര്യങ്ങള്‍ വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ സര്‍ക്കാറുകള്‍ വേണ്ടത്ര പരിഗണന കൊടുത്തിരുന്നില്ലെങ്കിലും 2014 ന് ശേഷം പൂര്‍ണമായും തെറ്റായ ദിശയിലേയ്ക്കുളള കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയിലെ ആറ് രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയില്‍ രണ്ടാമതായിരുന്നു നമ്മുടെ രാജ്യം.എന്നാല്‍ ഇന്ന് പാകിസ്ഥാന് പിന്നില്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.ഏറ്റവും മോശം രാജ്യമായി മാറുന്നതില്‍ നിന്നും നമ്മളെ തടയുന്നത് തൊട്ട് മുകളില്‍ നിര്‍ത്തുന്നതായ പാക്കിസ്ഥാനിലെ പ്രശ്‌നങ്ങളാണ്. ഇന്ത്യയുടെ കാര്യത്തില്‍ അഭിമാനത്തോടെ പറയുന്ന കാര്യങ്ങളെ കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ അത് അവര്‍ക്ക് ലജ്ജ ഉളവാക്കുന്നവയാണെന്ന് മനസ്സിലാകും. അമര്‍ത്യാസെന്‍ പറഞ്ഞു.

ലോകത്തെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് ഇന്ത്യ അവകാളപ്പെടുമ്പോഴും ഇന്ത്യയുടെ പിന്നോക്കാവസ്ഥയിലേയ്ക്കുളള പോക്കും തമ്മിലുളള വൈരുദ്ധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ഓടകളിലും മറ്റും ജോലിയെടുക്കുന്നവരുടെ അവകാശങ്ങള്‍ ഇവിടെ ഹനിക്കപ്പെടുന്നു.അതിവേഗം വളരുന്ന സാമ്പത്തിക രാജ്യം എന്ന നിലയില്‍ നിന്നും രാജ്യം വളരെ പിറകോട്ട് പോയെന്നും അമൃത്യാസെന്‍ പറഞ്ഞു. പ്രതിപക്ഷം ഐക്യപ്പെടുക എന്നത് രാജ്യത്തിന് അനിവാര്യമാണെന്നും അമൃത്യാസെന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തികള്‍ തമ്മിലുള്ള യുദ്ധമായി ഇതിനെകാണരുതെന്നും അദ്ദേഹം പറഞ്ഞു.

വികസനമാണ് ലക്ഷ്യമെങ്കില്‍ സാമ്പത്തിക വളര്‍ച്ച എന്നത് ആ ലക്ഷ്യം നേടാനുളള മാധ്യമം മാത്രമാണ്. ആകെ ആഭ്യന്തര ഉത്പാദനത്തില്‍ ഏഴ് ശതമാനം ഉണ്ടെന്ന് കരുതുക, എന്നാല്‍ ഗ്രാമീണ തൊഴിലാളിയുടെ കൂലി പഴയതു പോലെ തന്നെ നിലനില്‍ക്കുകയാണ്. ഇതേ കുറിച്ച് ആരും സംസാരിക്കുന്നില്ല. ബംഗ്ലാദേശിനെക്കാള്‍ ഇന്ത്യ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ആരോഗ്യ മേഖലയുടെ കാര്യമെടുത്താല്‍ നമ്മള്‍ ബംഗ്ലാദേശിനേക്കാള്‍ പിന്നിലാണ്. ഇത് ബംഗ്ലാദേശിനെ അപേക്ഷിച്ച് പബ്ലിക്ക് ആക്ഷന്‍ ഇന്ത്യയില്‍ കുറവായതാണ് ഇതിന് കാരണം. ഇതുപോലെ തന്നെ വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹിക സുരക്ഷ, സമത്വം , പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലും പബ്ലിക് ആക്ഷന്‍ ആവശ്യമാണ് ഴാങ് ദ്രെസ്സെ ഴാങ് ദ്രെസ്സെ പറഞ്ഞു.

chandrika: