X

നിയമം അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ ഇവിടേക്കു വരേണ്ട; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ്

ബ്രിസ്‌ബേന്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തെച്ചൊല്ലി അനിശ്ചിതത്വം. നാലാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകേണ്ട ബ്രിസ്‌ബേന്‍ ഉള്‍പ്പെടുന്ന ക്വീന്‍സ്‌ലാന്‍ഡിലെ ഭരണകൂടം അവിടെയെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇന്ത്യന്‍ ടീം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണിത്. നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്‌ബേനിലെത്തുമ്പോള്‍ ടീമുകള്‍ ഒരിക്കല്‍ക്കൂടി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് വിധേയരാകണം. ഇത് ഒഴിവാക്കിക്കിട്ടണമെന്നാണ് ഇന്ത്യന്‍ ടീമിന്റെ ആവശ്യം. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഷെഡ്യൂള്‍ പ്രകാരം ജനുവരി 15നാണ് ഗാബ സ്റ്റേഡിയത്തില്‍ നാലാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകേണ്ടത്.

എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി ഇതിനകം 28 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്, ഇനിയും ക്വാറന്റീനില്‍ കഴിയാന്‍ താല്‍പര്യമില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തും മുന്‍പ് ഐപിഎല്ലിനു ശേഷം ടീമംഗങ്ങള്‍ 14 ദിവസം ദുബായില്‍ ക്വാറന്റീനിലായിരുന്നു. സിഡ്‌നിയിലെത്തിയശേഷം വീണ്ടും അവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ഒരേ പരമ്പരയില്‍ ഇനിയും 14 ദിവസത്തെ ക്വാറന്റീന്‍ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

‘നോക്കൂ, സിഡ്‌നിയിലെത്തും മുന്‍പ് ഞങ്ങള്‍ ദുബായില്‍ 14 ദിവസം ക്വാറന്റീനിലായിരുന്നു. സിഡ്‌നിയില്‍ എത്തിയശേഷം വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ എത്തി കളത്തിലിറങ്ങും മുന്‍പ് ഏതാണ്ട് ഒരു മാസത്തോളം കഠിനമായ ബബ്‌ളിലാണ് ഞങ്ങള്‍ കഴിഞ്ഞതെന്ന് ചുരുക്കം. പരമ്പര അവശേഷിക്കുന്നതിനു തൊട്ടു മുന്‍പ് ഒരിക്കല്‍ക്കൂടി ക്വാറന്റീനില്‍ കഴിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല’ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ‘ക്രിക്ബസി’നോട് പ്രതികരിച്ചു.

‘വീണ്ടും ഹോട്ടല്‍ മുറിയില്‍ അടച്ചുപൂട്ടിയിരിക്കണമെങ്കില്‍ ബ്രിസ്‌ബേനിലേക്കു പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, വേറൊരു വേദിയില്‍ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളും കളിച്ച് നാട്ടിലേക്കു മടങ്ങാനും ഞങ്ങള്‍ തയാര്‍’ അവര്‍ പറഞ്ഞു.

അതേസമയം, നിയമങ്ങള്‍ അനുസരിക്കാന്‍ തയാറല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇവിടേക്കു വരേണ്ടതില്ലെന്ന ക്വീന്‍സ്‌ലാന്‍ഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രഖ്യാപനം വിവാദമായി. വീണ്ടും ക്വാറന്റീനില്‍ കഴിയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ്, ‘നിയമം അനുസരിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യന്‍ ടീം വരേണ്ടതില്ലെന്ന’ റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രഖ്യാപനം.

അതേസമയം, ബ്രിസ്‌ബേനില്‍ ചട്ടങ്ങള്‍ കര്‍ശനമായി തുടരുകയും ഇന്ത്യന്‍ ടീം അവിടേക്കു പോകാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ മൂന്നാം ടെസ്റ്റിനു വേദിയാകുന്ന സിഡ്‌നിയില്‍ത്തന്നെ നാലാം ടെസ്റ്റും നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

 

web desk 3: