X

വിലക്കയറ്റം: നിര്‍മാണ മേഖല സ്തംഭനത്തില്‍

അഡ്വ എം.റഹ്മത്തുള്ള

തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാക്കിയും ഇടത് ഭരണത്തില്‍ നിര്‍മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണു. അധികാരത്തില്‍ വന്നു അഴ്ചകള്‍ക്കുള്ളില്‍ നിര്‍മാണ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന മോഹന വാഗ്ദാനം നല്‍കി അധികാരരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാതെ പാവപ്പെട്ട തൊഴിലാളി സമൂഹത്തെ വഞ്ചിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. നിര്‍മാണ മേഖലയ്ക്കാവശ്യമായ സാധനസാമഗ്രികളുടെ കുത്തനെയുളള വിലവര്‍ദ്ധനവും ലഭ്യതക്കുറവുമാണ് ഈ മേഖല നേരിട്ട് കൊണ്ടിരി ക്കുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം. കെട്ടിട നിര്‍മാണമടക്കമുളള ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. എല്ലാ മേഖലയിലുമെന്ന പോലെ കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മുതലാണു നിര്‍മാണ മേഖലയിലും അനിശ്ചിതത്വം രൂക്ഷമായത്. പിന്നീട് ലോക്ഡൗണ്‍ ഇളവുകള്‍ നിര്‍മാണമേഖലക്കും ബാധകമാക്കിയതോടെ തൊഴിലാളികള്‍ക്ക് അല്‍പം ആശ്വാസം ലഭിച്ചെങ്കിലും സാധനസാമഗ്രികളുടെ വിലവര്‍ദ്ധനവും ലഭ്യതക്കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. സിമന്റ്, കമ്പി തുടങ്ങിയവയുടെ വില ഇരട്ടിയായി മാറിയിരിക്കുകയാണ്. എന്നാല്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുകയും വിപണിയില്‍ ഇടപെട്ട് സാധനങ്ങളുടെ വിലവര്‍ധനവ് പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നതിനു പകരം കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രാദേശികമായ ഒരു പരിശോധനയില്‍ 100 പേര്‍ തൊഴിലെടുത്തിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ശരാശരി 15 പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ഇവരില്‍ തന്നെ മഹാഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളാണ് താനും. സ്വന്തം നാട്ടിലെ തൊഴിലാലികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മേഖലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യവും ശോചനീയമാണ്. ഇവര്‍ക്ക് മതിയായ സുരക്ഷയും കൂലിയും ഉറപ്പുവരുത്തുന്നതിനുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇവര്‍ വ്യാപകമായി ചൂഷണത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്.
നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിയിരുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടങ്ങളില്‍ നിന്നും എത്തുന്ന സിമന്റ്, കമ്പി ഉള്‍പ്പെടെയുളള സാധനങ്ങള്‍ വരുന്നതിലും പ്രതിസന്ധി തുടരുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവാണ് ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനും ലഭ്യതക്കുറവിനും കാരണമായി ഒരു കൂട്ടം മൊത്തവ്യാപാരികള്‍ പറയുന്നത്. ഫെബ്രുവരിയില്‍ 350 രൂപയുണ്ടായിരുന്ന സിമന്റിന് ഇപ്പോള്‍ 500രൂപയാണ് വിപണി വില. കിലോയ്ക്ക് 50രൂപയുണ്ടായിരുന്ന കമ്പി ഇപ്പോള്‍ 75 രുപയിലുമെത്തിയിട്ടുണ്ട്.

നാട്ടില്‍ സുലഭമായി ലഭിച്ചിരുന്ന മണലും, കല്ലും മണ്ണും ഇപ്പോള്‍ കള്ളക്കടത്ത് വസ്തുവാക്കി മാറ്റിയിരിക്കയാണ്. മണല്‍ മേഖലയില്‍ പരമ്പരാഗതമായി ജോലി ചെയ്തിരുന്ന പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടത് കൂടാതെ സര്‍ക്കാരിന്റെ നിസംഗതമൂലമാണു. പുഴകളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ എടുക്കാന്‍ വര്‍ഷങ്ങളായി സാധിക്കുന്നില്ല. ഹരിത ട്രിബൂണലിന്റെ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചു ഉത്തരവാദിത്തത്തില്‍ നിന്നു സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്ന സമീപനം പതിനായിരക്കണക്കിനു മണല്‍ തൊഴിലാളികളാടു കാണിച്ച കൊടും ചതിയാണ്.

10 ലക്ഷം രൂപ പ്ലാന്‍ ചെയ്ത് വീട് വയ്ക്കാന്‍ തുടങ്ങിയ ഒരാള്‍ക്ക് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ 15 ലക്ഷം രൂപയോളം വേണ്ടിവരും. വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റവും നിര്‍മാണ സാധനങ്ങളുടെ ഭൗര്‍ലഭ്യതയും വായ്പയെടുത്ത് വീട് നിര്‍മാണം ആരംഭിച്ചവരുടെയും ഭവനരഹിതര്‍ക്കുളള വീട് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നത്.സംസ്ഥാനത്തെ തൊഴില്‍ മേഖലയോട് ഇടത് സര്‍ക്കാരിന്റെ നിഷേധ സമീപനത്തിന്റെ ഉദാഹരണമാണ് നിര്‍മാണമേഖല.പതിനായിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണി കിടക്കുമ്പോഴും, നിര്‍മാണമേഖല തകര്‍ന്ന് നാട് തന്നെ സാമ്പത്തിക മായി തകരുമ്പോഴും കാഴ്ചക്കാരായി കൈയ്യം കെട്ടി നോക്കിയിരിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടിന്നെതിരായ ശക്തമായ മുന്നേറ്റങ്ങള്‍ക്ക് എസ്.ടി.യു നേതൃത്വം നല്‍കും.

web desk 3: