X

പ്രതിപക്ഷത്തെ ലക്ഷ്യം വെച്ച് അന്വേഷണ ഏജന്‍സികള്‍; ഇന്ത്യാ സഖ്യത്തിന്റെ പരാതിയില്‍ ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ അന്വേഷണ ഏജന്‍സികളുടെ റെയ്ഡിനെതിരായ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

നിര്‍ദേശങ്ങളുടെ കരട് ഉടനെ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെയും ഇ.ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും ഇന്ത്യാ സഖ്യം പരാതിപ്പെട്ടത്.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ വിരുദ്ധമാണെന്നും ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നിലപാടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തക്കതായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്മീഷന്റെ നീക്കം.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മഹുവ മൊയ്ത്രയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് മഹുവ പരാതി നല്‍കിയത്.
മഹുവയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ തടസപ്പെടുത്താനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്ന് മഹുവ പരാതിയില്‍ ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് മഹുവ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

webdesk13: