X

ബെന്‍ സ്റ്റോക്ക്‌സ് കോടീശ്വരന്‍; രാഹുലും മനീഷ് പാണ്ഡെയും വിലപിടിപ്പുളള ഇന്ത്യന്‍ താരങ്ങള്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തിന്റെ ആദ്യദിനം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. 12.5 കോടിക്ക് സ്‌റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ വന്‍തുക മുടക്കി ആര്‍.അശ്വിന്‍ ഉള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളെയും സ്വന്തം നിരയിലെത്തിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് ടീമുകളില്‍ ഒന്നാമത് വന്നത്. ലേലം ഇന്നും തുടരും.

ഇന്ത്യന്‍ താരങ്ങളില്‍ വിലപിടിപ്പുളളവരായി മാറിയത് രണ്ട് പേര്‍- ലോകേഷ് രാഹുലും മനീഷ് പാണ്ഡെയും. പതിനൊന്ന് കോടീ വിതമാണ് ഇവര്‍ക്ക് ലഭിച്ചത്. രാഹുലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബും മനീഷിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. മലയാളി താരങ്ങളില്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ ഒന്നാമനായി സഞ്ജു സാംസണ്‍ പഴയ ക്ലബായ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കും. എട്ട് കോടിയെന്ന വന്‍വിലക്കാണ് റോല്‍സ് സഞ്ജുവിനെ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ മിന്നും ഇന്നിംഗ്‌സുകള്‍ കാഴ്ച്ചവെച്ച വിന്‍ഡീസിന്റെ ക്രിസ് ഗെയിലിനെ പോലുള്ളവരെ ആദ്യദിനം ആരും വിളിച്ചില്ല. ഇന്ത്യയുടെ മുന്‍താരം യുവരാജ് സിംഗിനെ പോലുള്ളവര്‍ക്കും ഡിമാന്‍ഡ് കുറവായിരുന്നു.

അതേ സമയം ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ പുരോഗമിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്ന യുവതാരങ്ങളില്‍ ഭൂരിപക്ഷത്തെയും പലരും വന്‍വിലക്ക് സ്വന്തമാക്കി. മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അണിയില്‍ മാത്രം കളിച്ചിരുന്ന ആര്‍. അശ്വിനെ പഞ്ചാബ് സ്വന്തമാക്കിയതാണ് ആദ്യ ദിവസ ലേലത്തിലെ മറ്റൊരു വലിയ വാര്‍ത്ത. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 360 താരങ്ങളും വിദേശങ്ങളില്‍ നിന്ന് 182 കളിക്കാരുമാണ് വിവിധ ടീമുകളുടെ ആവനാഴി സമ്പന്നമാക്കാന്‍ ഉണ്ടായിരുന്നത്.

ഗെയിലിനെ വേണ്ട

ക്രിസ് ഗെയില്‍ എന്ന വിന്‍ഡീസ് അടിപൊളിക്കാരന്‍ ക്രിക്കറ്റ് മൈതാനത്തെ ആവേശമാണ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് എന്ന ടീമിന്റെ ശക്തനായ വക്താവായിരുന്നു ഇത്രയും കാലം അദ്ദേഹം.
പക്ഷേ ഇന്നലെ ആരും അദ്ദേഹത്തെ വിളിക്കാനുണ്ടായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ് നിരയില്‍ കളിച്ചിരുന്ന ലങ്കന്‍ സീമര്‍ ലസിത് മാലിങ്കയെ വിളിക്കാനും ആദ്യ ദിവസം ആരുമുണ്ടായിരുന്നില്ല. നിലവില്‍ ഇംഗ്ലീഷ് ടീമിനെ നയിക്കുന്ന ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുെട വിശ്വസ്്തനായ ടെസ്റ്റ് താരം ഹാഷിം അംല, ഇന്ത്യയുടെ മുരളി വിജയ്, ഇഷാന്ത് ശര്‍മ്മ തുടങ്ങിയവരെ വിളിക്കാന്‍ ആളുകളുണ്ടായിരുന്നില്ല. വിന്‍ഡീസ് താരങ്ങളോടും പൊതുവേ താല്‍പ്പര്യക്കുറവുണ്ടായിരുന്നു. പൊല്ലാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയപ്പോള്‍ ബ്രാവോയെ ചെന്നെ സ്വന്തമാക്കി.

യുവരാജിന് വിലയില്ല

ഇന്ത്യന്‍ ക്രിക്കറ്റിലെ വിലയേറിയ താരമായിരുന്നു ഇത് വരെ യുവരാജ് സിംഗ്. ദേശീയ സംഘത്തില്‍ സ്ഥാനമില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ വിപണ്യമൂല്യവും കുത്തനെ കുറഞ്ഞു. 12 കോടിക്ക് വരെ ഫ്രാഞ്ചൈസികള്‍ വാശിയോടെ വിലക്കെടുത്തിരുന്ന യുവരാജിന് ഇന്നലെ രണ്ട് കോടിയാണ് ലഭിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇത്തവണ വിദര്‍ഭക്കായി അരങ്ങ് തകര്‍ത്ത അവരുടെ സീമര്‍ രജനീഷ് കുര്‍ബാനിയെ വാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല.

മലയാളികളില്‍ സഞ്ജു

മലയാളി താരങ്ങളില്‍ ഒന്നാമന്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ സഞ്ജു സാംസണായിരുന്നു. തന്റെ പഴയ ക്ലബായ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ സഞ്ജുവെത്തി-എട്ട് കോടിക്ക്. പക്ഷേ അദ്ദേഹത്തിന്റെ നിരാശ പഴയ പലരും റോയല്‍സ് സംഘത്തില്‍ ഇല്ല എന്നുള്ളതാണ്. രാഹുല്‍ ദ്രാവിഡിന് കീഴിലായിരുന്നു സഞ്ജു ഇത് വരെ റോയല്‍സില്‍ കളിച്ചിരുന്നത്. ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 സംഘത്തിന്റെ പരിശീലകനായതിനാല്‍ അദ്ദേഹത്തിന് ഐ.പി.എല്‍ കരാര്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. രാഹുലിന്റെ അസാന്നിദ്ധ്യം വേദനാജനകമാണെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ അംഗത്വം ലഭിച്ച കൊച്ചിക്കാരന്‍ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ 95 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. മലയാളിയായ കരുണ്‍ നായരെ 5.6 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി

കുട്ടിത്താരങ്ങള്‍

ന്യൂസിലാന്‍ഡില്‍ നടക്കുന്ന ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ സംഘത്തിലെ കുട്ടി താരങ്ങള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു ഇന്നലെ. കമലേഷ് നഗര്‍ക്കോട്ടി എന്ന അതിവേഗ സീമര്‍ക്കായിരുന്നു വന്‍വില. 3.2 കോടിക്ക് കൊല്‍ക്കത്തയാണ് നാഗര്‍ക്കോട്ടിയെ വാങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെയും കൊല്‍ക്കത്ത വാങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ പ്രിഥി ഷായെ 1.2 കോടിക്ക് ഡല്‍ഹിയാണ് വാങ്ങിയത്.

അശ്വിനെ ചെന്നൈക്ക് വേണ്ട

രണ്ട് ദിവസം മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞിരുന്നു ആര്‍.അശ്വിനാണ് ടീമിന്റെ ആദ്യ ലക്ഷ്യമെന്ന്. പക്ഷേ ഇന്നലെ പണമെറിഞ്ഞത് പഞ്ചാബായിരുന്നു. 7.6 കോടിക്ക് അശ്വിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ അവരുടെ നിരയില്‍ തന്നെ ഡേവിഡ് മില്ലര്‍ (3 കോടി), ആരോണ്‍ ഫിഞ്ച് (6.2 കോടി), മാര്‍ക്കസ് സ്‌റ്റോയിന്‍സ് (6.2 കോടി) എന്നിവരെത്തി.

മറ്റ് പ്രധാനികള്‍

കുല്‍ദിപ് യാദവിനെ (5.8 കോടി) കൊല്‍ക്കത്തയും യുസവേന്ദ്ര ചാഹലിനെ (6 കോടി) ബംഗളൂരുവും അമിത് മിശ്രയെ (4 കോടി) ഡല്‍ഹിയും റാഷിദ് ഖാനെ (9 കോടി) ഹൈദരാബാദും ഇമ്രാന്‍ താഹിറിനെ (1 കോടി) ചെന്നൈയും മുഹമ്മദ് ഷമിയെ (3 കോടി) ഡല്‍ഹിയും റോബിന്‍ ഉത്തപ്പയെ (6.4 കോടി) കൊല്‍ക്കത്തയും യൂസഫ് പത്താനെയും (1.9 കോടി) ശിഖര്‍ ധവാനെയും (5.2 കോടി), ഹൈദരാബാദും കിരണ്‍ പൊള്ളാര്‍ഡിനെ (5.4 കോടി) മുംബൈ ഇന്ത്യന്‍സും ഹര്‍ഭജന്‍സിംഗിനെ (2 കോടി) ചെന്നൈയും സ്വന്തമാക്കി.

chandrika: