X

ഹിറ്റ്മാന്‍ തിളങ്ങി; കൊല്‍ക്കത്തക്കെതിരെ മുംബൈയ്ക്ക് മികച്ച സ്‌കോര്‍

അബുദാബി: ഐപിഎല്ലില്‍ സീസണിലെ അഞ്ചാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 196 റണ്‍സ് വിജയലക്ഷ്യം നല്‍കി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീം നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് 50 തികച്ച രോഹിത് 54 പന്തുകള്‍ നേരിട്ട് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്താണ് പുറത്തായത്. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായെങ്കിലും പിന്നീട് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.

28 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ സൗരഭ് തിവാരി 21 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി.

നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്ത നിരയില്‍ മികച്ചു നിന്നത്. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണത്തെ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.

web desk 3: