X

ഡല്‍ഹിയെ വീഴ്ത്തി സണ്‍റൈസേഴ്‌സ്

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് സീസണിലെ ആദ്യ ജയം കുറിച്ചു. ആവേശത്തിന് അല്‍പം വിശ്രമം അനുവദിച്ച മത്സരത്തില്‍ 15 റണ്‍സിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. ആദ്യ രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്ന കെയ്ന്‍ വില്യംസന്റെ വരവും സ്പിന്നര്‍ റാഷിദ് ഖാന്‍ ഫോമിലേക്ക് തിരിച്ചെത്തിയതുമാണ് സണ്‍റൈസേഴ്‌സിനു മുന്നില്‍ വിജയവഴി തെളിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ്. ഡല്‍ഹിയുടെ മറുപടി നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാന്റെ പ്രകടനമാണ് ഡല്‍ഹിയുടെ നടുവൊടിച്ചത്.പഹൈദരാബാദിനായി റാഷിദ് ഖാനു പുറമെ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടും ഖലീല്‍ അഹമ്മദ്, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ പൃഥ്വി ഷാ പുറത്തായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ശിഖര്‍ ധവാന്‍ 40 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തു. റാഷിദ് ഖാന്‍ ബോള്‍ ചെയ്യാനെത്തിയതോടെ മത്സരം സണ്‍റൈസേഴ്‌സിന്റെ നിയന്ത്രണത്തിലായി. എട്ടാം ഓവറില്‍ ശ്രേയസ് അയ്യരെയും12ാം ഓവറില്‍ ശിഖര്‍ ധവാനെയും റാഷിദ് ഖാന്‍ പുറത്താക്കി.

റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ ഖലീല്‍ അഹമ്മദിനെതിരെ തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ സിക്‌സര്‍ പറത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറിനും അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ഹെറ്റ്‌മെയറിനെ പുറത്താക്കി. 12 പന്തില്‍ ഇരട്ടസിക്‌സുകള്‍ സഹിതം 21 റണ്‍സുമായി ഹെറ്റ്‌മെയര്‍ മടങ്ങി.

റാഷിദ് ഖാന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഋഷഭ് പന്തിന്റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ ഡല്‍ഹി പരാജയത്തിലേക്ക് കൂടുതല്‍ അടത്തു. 18ാം ഓവറിന്റെ അവസാന പന്തില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും പുറത്തായതോടെ ഡല്‍ഹിയുടെ പ്രതീക്ഷയറ്റു. അക്‌സര്‍ പട്ടേലിനെ അവസാന ഓവറില്‍ ഖലീല്‍ അഹമ്മദും മടക്കിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണമായി.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന ഓപ്പണിങ് സഖ്യം 9.3 ഓവറില്‍ 77 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.പിന്നീട് വില്യംസണുമായി ചേര്‍ന്ന് ബെയര്‍സ്‌റ്റോ സ്‌കോര്‍ 144 വരെയെത്തിച്ചു. 48 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്‌സായിരുന്നു ബെയര്‍സ്‌റ്റോയുടേത്. 53 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത വില്യംസനാണ് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയത്.

web desk 3: