X
    Categories: Newsworld

ആക്രമിച്ചാല്‍ നിങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ മുങ്ങിക്കപ്പലാക്കും-യുഎസിന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍. ഒരാവശ്യവുമില്ലാതെ ആക്രമണത്തിന് ശ്രമിക്കാതിരിക്കുന്നതാണ് അമേരിക്കയ്ക്കും കൂട്ടാളികള്‍ക്കും നല്ലതെന്ന് ഉയര്‍ന്ന റാങ്കിലുള്ള ഇറാനിയന്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കപ്പലുകളാക്കി മാറ്റാന്‍ ഇറാന്‍ പ്രാപ്തമാണെന്നും മേജര്‍ ജനറല്‍ യഹ്യാ റഹിം സഫാവി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസാന ആഴ്ചകളില്‍ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല, പക്ഷേ ആരെങ്കിലും ഇറാനെ ആക്രമിച്ചാല്‍ നിര്‍ണായകമായും ഞങ്ങളുടെ പരമാവധി ശക്തിയോടും സന്നദ്ധതയോടും പ്രതികരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) മുന്‍ കമാന്‍ഡര്‍ ജനറല്‍ റഹിം സഫാവി പ്രസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2020 ജനുവരി മൂന്നിന് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: