X

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

webdesk13: