X

ദുര്‍ബലരല്ല ഇറാന്‍

 

യൂറോപ്യന്മാര്‍ക്ക് അത്ര ദഹിക്കുന്ന മണ്ണല്ല ഇറാന്‍. അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും രാഷ്ട്രീയമായി വിറപ്പിച്ചുനിര്‍ത്തുന്ന ഇറാനോട് പണ്ടേയുണ്ട് യൂറോപ്പിനൊരു വിരോധം. പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറു യൂറോപ്യന്‍ ഇറാനിലുണ്ട്- അദ്ദേഹത്തിന് പരാതികളേതുമില്ല. കക്ഷിയുടെ മനസ്സ് നിറയെ ഫുട്‌ബോളാണ്. ആ ഫുട്‌ബോളിനെ തന്നെ സ്‌നേഹിക്കുന്ന രാജ്യത്തിന് സമ്മാനിക്കുക എന്ന ലളിതമായ ലക്ഷ്യം മാത്രം. ആള് ചില്ലറക്കാരനാണെന്ന് കരുതരുത്. ലോകത്തിലെ തന്നെ ഏറ്റവും മികച് രണ്ട് ഫുട്‌ബോള്‍ ക്ലബുകളായ റയല്‍ മാഡ്രിഡിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും അമരക്കാരനായിരുന്നു. 2010 ല്‍ പോര്‍ച്ചുഗലിന്റെ ലോകകപ്പ് കോച്ചായിരുന്നു. അതിന് മുമ്പ് രണ്ട് തവണ ഫിഫ അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ടീമിന്റെ അമരക്കാരന്‍. പോര്‍ച്ചുഗലില്‍ നിന്നും ഹൗസേ മോറിഞ്ഞോയെ പോലുള്ള തന്ത്രശാലികള്‍ വരുന്നതിന് മുമ്പ് തന്നെ കളി മൈതാനത്ത് സൂത്രങ്ങളുടെ ശക്തി തെളിയിച്ച കാര്‍ലോസ് ക്വിറസ്. ക്വിറസിലെ പരിശീലകന്‍ ഏഴ് വര്‍ഷം പോയിട്ട് ഒരു വര്‍ഷം ഇറാനില്‍ നില്‍ക്കുമോ എന്ന് ചോദിച്ചവരായിരുന്നു അദ്ദേഹത്തിന്റെ അടുത്ത മിത്രങ്ങള്‍. ഏഷ്യയില്‍ നിന്നും റഷ്യന്‍ ടിക്കറ്റ് നേടിയ ആദ്യ രാജ്യമെന്ന ഇറാന്‍ സ്വന്തമാക്കുമ്പോള്‍ ക്വിറസ് അവകാശവാദങ്ങള്‍ക്കൊന്നും തുനിഞ്ഞില്ല. ഇന്നലെ അദ്ദേഹം തന്റെ പ്രാഥമിക ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു. അതിലെ രണ്ട് പേര്‍ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായി. മധ്യനിരക്കാരായ മസൗദ് ഷജോയിയും ഇഹ്‌സാന്‍ ഹാജി സാഫിയും. രണ്ട് പേരും യൂറോപ്പില്‍ കളിക്കുന്നവര്‍. ഗ്രീക്ക് ക്ലബായ പാനിയോണിസിന്റെ മധ്യനിരക്കാര്‍. രണ്ട് പേരും ഒരു പാതകവും ചെയ്തിട്ടില്ല. പക്ഷേ സ്വന്തം ക്ലബിനായി കളിക്കുമ്പോള്‍ അവര്‍ ഒരു ഇസ്രാഈലി ടീമിനെതിരെ കളിച്ചു. അത് നാട്ടില്‍ വലിയ പുലിവാലായി. രണ്ട് പേരെയും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആജീവനാന്തം നിരോധിച്ചു. ഇറാന്‍ ഇസ്രാഈലിനെ അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ ഒരു ജൂത ടീമിനെതിരെ കളിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് വരെ മുദ്ര കുത്തപ്പെട്ടു. രണ്ട് പേര്‍ക്കും നാട്ടില്‍ വരാന്‍ വരെ പേടി. പക്ഷേ ക്വിറസിലെ പരിശീലകന് അതൊന്നും പ്രശ്‌നമായിരുന്നില്ല. നന്നായി കളിക്കുന്നവരോട് ഒരു വിരോധവും തനിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം രണ്ട് പേരെയും പ്രാഥമിക ലോകകപ്പ് സംഘത്തില്‍ അംഗങ്ങളാക്കിയത്.
ഗ്രൂപ്പ് ബി യില്‍ ഇറാന്‍ കാര്യങ്ങള്‍ എളുപ്പമല്ല. സ്‌പെയിനും പോര്‍ച്ചുഗലും പിന്നെ മൊറോക്കോയും. എല്ലാവരും റാങ്കിംഗില്‍ ഇറാനേക്കാള്‍ മുന്നിലുള്ളവര്‍. അനുഭവസമ്പത്തിലും കരുത്തിലുമെല്ലാം മേല്‍കൈ ഇവര്‍ക്കുണ്ട്. ക്വിറസിലെ പരിശീലകന്‍ പക്ഷേ അതൊന്നും കാര്യമാക്കാതെ പറയുന്നത് മല്‍സരം നടക്കുന്നത് മൈതാനത്താണല്ലോ എന്നാണ്. ഫിഫ റാങ്കിംഗിനെയും പ്രതിയോഗികളെയും ബഹുമാനിക്കുമ്പോള്‍ തന്നെ അദ്ദേഹം വിശദീകരിക്കുന്നത് 90 മിനുട്ടിലെ കരുത്താണ് മല്‍സരവിധിയെ നിര്‍ണയിക്കുന്നത് എന്നാണ്. നാല് വട്ടം ലോകകപ്പ് കളിച്ചിരിക്കുന്നു അലി ദായിയുടെ നാട്ടുകാര്‍. 1978 ലായിരുന്നു ആദ്യം. പിന്നെ 98 ലെ ഫ്രഞ്ച് ലോകകപ്പ്, 2006 ലെ ജര്‍മന്‍ ലോകകപ്പ്, കഴിഞ്ഞ ബ്രസീല്‍ ലോകകപ്പ്. ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാന് കാര്യമായ വെല്ലുവിളിയേ ഉണ്ടായിരുന്നില്ല. തോല്‍വികളില്ലാതെ അവര്‍ കടന്നു വന്നു. റഷ്യയില്‍ ഇറാന്റെ തുരുപ്പ് ചീട്ടുകള്‍ രണ്ട് പേരാണ്. ഒന്നാമന്‍ സര്‍ദാര്‍ അസ്‌മോന്‍, രണ്ടാമന്‍ ഡച്് ലീഗില്‍ ഇത്തവണ മിന്നിയ ലീഗിലെ ടോപ് സ്‌ക്കോറര്‍ അലിറേസ ജഹാന്‍ ബക്ഷ്. മുന്‍നിരയില്‍ സര്‍ദാര്‍ മിന്നുന്ന താരമാണ്. ഇറാനിയന്‍ ഫുട്‌ബോളില്‍ എന്നും നിറഞ്ഞ് നിന്നിട്ടുള്ള അലി ദായിയുടെ പിന്മുറക്കാരന്‍ എന്ന് ഇറാനിയന്‍ പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന താരം. മറ്റൊരു പ്രധാന പ്രത്യേകത സര്‍ദാറിന് റഷ്യ സുപരിചിതമാണ് എന്നതാണ്. റഷ്യന്‍ ക്ലബായ റുബിന്‍ കസാന് വേണ്ടിയാണ് സര്‍ദാര്‍ കളിക്കുന്നത്. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇറാനിയന്‍ താരവും കക്ഷി തന്നെ. 2015 ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് മുതല്‍ രാജ്യത്തിന്റെ ശക്തിയാണ് സുന്ദരമായ ഗോളുകളുടെ വക്താവായ ചെറുപ്പക്കാരന്‍. അലി റേസ എന്ന മുന്‍നിരക്കാരന്‍ ഈയിടെ വാര്‍ത്തകളില്‍ മിന്നിയത്. ഡച്ച് ലീഗിലെ ടോപ് സ്‌ക്കോറര്‍ എന്ന പദവിയില്‍. ഉന്നതന്മാര്‍ കളിക്കുന്ന ഡച്ച് ലീഗില്‍ അലിറേസ നേടിയത് 21 ഗോളുകള്‍. ഈ രണ്ട് സ്‌ട്രൈക്കര്‍മാരാണ് ടീമിന്റെ കരുത്ത്. പിന്നെ ആരെയും വിറപ്പിക്കുന്ന മധ്യനിരയും പ്രതിരോധത്തില്‍ ജാഗ്രത കുറയാത്ത ഡിഫന്‍സും. അലിറേസ ബെര്‍വാന്തായിരിക്കും ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍. നല്ല തുടക്കമാണ് ക്വിറസും ടീമും ആഗ്രഹിക്കുന്നത്. 15 ന് മൊറോക്കോയുമായാണ് ആദ്യ മല്‍സരം. നല്ല തുടക്കം ലഭിച്ചാല്‍ അത് ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയുമെന്നാണ് ക്വിറസിന്റെ പക്ഷം.

chandrika: