X

ശുചിത്വം എന്ന ശ്രേഷ്ഠശീലം

സിദ്ദീഖ് നദ്‌വി ചേരൂര്‍

ശുചിത്വം സംബന്ധിച്ച് സമൂഹത്തിന് പ്രത്യേക അവബോധം കൈവന്ന കാലമാണിത്. മുമ്പ് പല രോഗങ്ങളും മനുഷ്യരെ തഴുകി കടന്നുപോയിട്ടുണ്ടെങ്കിലും കോവിഡ് 19 പേലെ ലോകത്തിന് മൊത്തം ശുചിത്വത്തിന്റെ നിര്‍ണായക പാഠങ്ങള്‍ നല്‍കിയ മറ്റൊരു രോഗത്തെക്കുറിച്ച് നാം കേട്ടിട്ടില്ല. ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകാനും വസ്ത്രവും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും മുമ്പ് ശീലിക്കാത്ത പലരും പഠിച്ചു തുടങ്ങിയ കാലമാണ്. ശരീരത്തിലെ തുറന്ന ദ്വാരങ്ങളിലൂടെ പുറത്ത്‌വരുന്ന ദ്രാവകങ്ങളെല്ലാം വിസര്‍ജ്യങ്ങളാണെന്നും അവ മറ്റുള്ളവരിലേക്ക് പരക്കാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പലരെയും പഠിപ്പിച്ചത് കോവിഡ് മഹാമാരിയാണ്.

ഇസ്‌ലാം ശുചിത്വത്തിന് നല്‍കിയ പ്രാധാന്യവും ശരീരവും വസ്ത്രവും താമസസ്ഥലവും എത്രത്തോളം ഹൈജെനിക് (ഒ്യഴശലിശര) ആകണമെന്ന കാര്യത്തില്‍ ഇസ്‌ലാമിന്റെ കാര്‍ക്കശ്യം അപഗ്രഥിക്കുന്നത് കാലിക പ്രസക്തമാണ്. അന്ത്യപ്രവാചകര്‍ (സ) വൃത്തിയുടെ കാര്യത്തില്‍ പുലര്‍ത്തിയ പ്രത്യേക താല്‍പര്യം ശ്രദ്ധേയമാണ്. ജലം അപൂര്‍വ വസ്തുവായി തോന്നുന്ന, വരണ്ട മരുഭൂമിയില്‍ ജീവിച്ചുപോന്ന അറബികള്‍ക്ക് വെള്ളം കൊണ്ടുള്ള ശുചിത്വത്തിന്റെ വിവിധ മുറകള്‍ പഠിപ്പിക്കുമ്പോള്‍ അതൊരു പുതിയ സംസ്‌കാരത്തിന്റെ ബാലപാഠം കൂടിയായിരുന്നു. വൃത്തിയെക്കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്തന്നെ തികച്ചും വ്യത്യസ്തമാണ്. പൊതുവേ വൃത്തിയുള്ളതായി കരുതുന്ന പലതും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ അങ്ങനെ ആകണമെന്നില്ല. മൂത്രത്തിന്റെ ചെറിയ അംശം തട്ടിയ വസ്ത്രം ഉണങ്ങിക്കഴിഞ്ഞാല്‍ പൊതു കാഴ്ചപ്പാടില്‍ അതില്‍ വലിയ കുഴപ്പമൊന്നുമില്ല. അത് ധരിച്ച് എന്ത് കാര്യത്തിന് ചെല്ലുന്നതിനും അവന് വിലക്കില്ല. എന്നാല്‍ ഒരു മുസ് ലിമിന് അത് ധരിച്ച് ദിവസേന അഞ്ച് തവണ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട നമസ്‌കാരം നിര്‍വഹിക്കാന്‍ സാധ്യമല്ല. നമസ്‌കരിക്കുന്നവന്റെ ദേഹവും വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണമെന്നാണ് തിരുനബി (സ) പഠിപ്പിച്ചത്.

ലഹരിവസ്തുക്കള്‍ നിര്‍ബാധം പ്രചരിക്കുന്ന ലോകത്ത് ലഹരിയുണ്ടാക്കുന്ന വസ്തുക്കളെല്ലാം മലിനവും വര്‍ജ്യവുമാണെന്ന് പറയുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ പലരുടെയും മനസ്സ് പാകമാകണമെന്നില്ല. ഭക്ഷ്യയോഗ്യമായ മൃഗങ്ങള്‍തന്നെ അറുത്തു കഴിഞ്ഞാല്‍ അവ ശുദ്ധവും ചാവുകയോ കൊല്ലുകയോ ചെയ്താല്‍ അശുദ്ധവും വര്‍ജ്യവുമാണെന്ന നിലപാട് പുതിയ ശുചിത്വത്തിന്റെ വക്താക്കള്‍ക്ക് ദഹിക്കുന്നതല്ല.
വീട്ടുപടിക്കലൂടെ ഒരു നദിയൊഴുകുന്നു. ദിവസേന അഞ്ച് നേരം അതില്‍ മുങ്ങിക്കുളിക്കുന്നു. അങ്ങനെ ചെയ്താല്‍ ദേഹത്ത് വല്ല മാലിന്യവും അവശേഷിക്കുമോ? മരുഭൂമിയില്‍ ജനിച്ചു വളര്‍ന്ന തിരുനബി(സ) അതേ പശ്ചാത്തലത്തില്‍ വളര്‍ന്ന അനുയായികളോട് ചോദിക്കുകയാണ്. അവര്‍ ഏകസ്വരത്തില്‍ ഇല്ലെന്ന് പ്രതികരിച്ചു. തുടര്‍ന്നു അവിടന്ന് ഉല്‍ബോധിപ്പിക്കുകയാണ് അതുപോലെയാണ് അഞ്ച് നേരത്തെ നമസ്‌കാരം. അത് നിങ്ങളെ ദോഷങ്ങളില്‍നിന്ന് ശുദ്ധീകരിക്കും (ബുഖാരി, മുസ്‌ലിം).

എത്ര മനോഹരമായ ഉപമ. ഇതില്‍ വെള്ളം, കുളി എന്നീ പദങ്ങളിലൂടെ ശുചിത്വ സങ്കല്‍പ്പത്തിലേക്കാണവരെ കൂട്ടിക്കൊണ്ട്‌പോകുന്നത്. തുടര്‍ന്നു നമസ്‌ക്കാരത്തിലൂടെ കൈവരുന്ന ആന്തരിക ശുദ്ധിയെപ്പറ്റി ഉണര്‍ത്തുന്നു. ഒരേ സമയം ബാഹ്യവും ആന്തരികവുമായ ശുദ്ധിയുടെ വിളനിലമാണ് നമസ്‌കാരമെന്നത് മറ്റൊരു വശം. നമസ്‌കരിക്കുന്നവന്‍ അംഗശുദ്ധി വരുത്തണം. കുളി നിര്‍ബന്ധമായ അവസ്ഥയിലാണെങ്കില്‍ ആദ്യം കുളിച്ചു ദേഹശുദ്ധി വരുത്തണം. ധരിക്കുന്ന വസ്ത്രവും സ്ഥലവും ശുദ്ധമായിരിക്കണം. നിര്‍ബന്ധമായും അഞ്ച് നേരം ഇങ്ങനെ വിശുദ്ധിയുടെ കര്‍മസാക്ഷിയാകേണ്ട വിശ്വാസിക്കെങ്ങനെ മാലിന്യവുമായി കൂട്ടുകൂടാനാകും? ശ്രദ്ധേയമായ മറ്റൊരു കാര്യം, പ്രവാചക പാഠം അനുസരിച്ച് രണ്ട് തരം അശുദ്ധിയുണ്ട്. ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും. വുളു (അംഗസ്‌നാനം) ചെയ്താല്‍ ചെറിയ അശുദ്ധിയില്‍നിന്ന് മുക്തി നേടി. കുളിച്ചാല്‍ വലിയ അശുദ്ധിയും പോയി. നമസ്‌കാരം അടക്കമുള്ള പ്രധാന ആരാധനകള്‍ക്ക് ഒരുങ്ങുംമുമ്പേ ഈ രണ്ട് ശുദ്ധിയും ഉറപ്പുവരുത്തണം. വലിയ അശുദ്ധിയുണ്ടെങ്കില്‍ കുളിക്കണം. ചെറിയ അശുദ്ധി ഒഴിവാക്കാന്‍ അംഗ സ്‌നാനം ചെയ്യണം. ശാസ്ത്രീയമായി ഈ രീതി ശുചിത്വത്തിന്റെ ഏറ്റവും ഉദാത്തമായ നിലവാരത്തിലാണെന്ന് നിക്ഷ്പക്ഷമായി നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും.

വുളു, കുളി എന്നിവയ്ക്ക്പുറമെ ദേഹശുദ്ധിയുടെ ഹൈജെനിക് പാഠങ്ങളായി തിരുദൂതര്‍ പഠിപ്പിച്ച ചില പ്രധാന കാര്യങ്ങളുണ്ട്. അവ കൂടി പാലിക്കുമ്പോഴേ ശാരീരിക ശുചിത്വം പൂര്‍ണമാകൂ. പൊതു സമൂഹം പലപ്പോഴും അവഗണിക്കുകയോ അലംഭാവം പുലര്‍ത്തുകയോ ചെയ്യുന്ന കാര്യങ്ങളാണിവ. ഫാഷന്റെയും പരിഷ്‌കാരത്തിന്റെയും പേരില്‍ ഈ കാര്യങ്ങളോട് അലസമായി പെരുമാറുകയും ആ കുറവ് പരിഹരിക്കാന്‍ ബോഡിസ്‌പ്രേകളും പൗഡറുകളും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാരിവലിച്ചു ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. പ്രകൃതിയുടെ ശുചിത്വ പാഠങ്ങളായാണ് തിരുനബി പഠിപ്പിച്ചത്. ആയിശ(റ) നിവേദനം ചെയ്ത നബിവചനം പത്ത് കാര്യങ്ങളെ പ്രകൃതിയുടെ ശുചി പാഠങ്ങളായി എണ്ണിത്തന്നു. ഒന്നാമതായി മീശ വെട്ടുകയും താടി നീട്ടിയിടുകയും ചെയ്യുക. മീശനീണ്ടു മേല്‍ ചുണ്ടിലേക്കിറങ്ങിയാല്‍ വായിലേക്ക് പോകുന്ന ഭക്ഷണ പാനീയങ്ങള്‍ ആ രോമങ്ങളില്‍ തട്ടിയാണ് കടന്നുപോവുക. നിരന്തരം വായുവും കാറ്റും തട്ടി പുറത്തെ മാലിന്യങ്ങള്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള മീശ രോമങ്ങളില്‍ തട്ടി അകത്തുപോകുന്ന സാധനങ്ങള്‍ രോഗാണു വ്യാപനത്തിന് നിമിത്തമാകുമല്ലോ. അതിനാല്‍ മേല്‍ ചുണ്ടിലെ ചുവപ്പ് കാണത്തക്കവിധം മീശ രോമം മുറിച്ച് പാകപ്പെടുത്തണമെന്നാണ് നിര്‍ദേശം. മറ്റൊന്ന് പല്ല് തേക്കലാണ്. ഇതിന് തിരുനബി(സ) നല്‍കിയ പ്രാധാന്യം പ്രസിദ്ധമാണ്. എന്റെ സമുദായത്തിന് പ്രയാസമാകുമെന്ന് ഭയന്നിരുന്നില്ലെങ്കില്‍ ഓരോ നമസ്‌കാരത്തോടനുബന്ധിച്ചും ദന്ത ശുദ്ധി വരുത്താന്‍ ഞാന്‍ നിര്‍ബന്ധമാക്കുമായിരുന്നു (ബുഖാരി: 857). നിര്‍ബന്ധമാക്കിയില്ലെങ്കിലും ദന്ത ശുദ്ധി ഐച്ഛികമാക്കി വച്ചിട്ടുണ്ട്. എന്ത് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും ആരംഭത്തില്‍ പല്ല് തേച്ചു വൃത്തിയാവുക. ആള്‍കൂട്ടത്തിലേക്ക് കടന്നു ചെല്ലുന്നതിന്മുമ്പ് പ്രത്യേകം താല്‍പ്പര്യപ്പെട്ടിട്ടുണ്ട്. സാധാരണ ഭിഷഗ്വരന്‍മാര്‍ രണ്ട് നേരം ദന്ത ശുദ്ധി വരുത്തുന്ന കാര്യമേ ഉണര്‍ത്തിക്കാണാറുള്ളൂ. ഉറങ്ങാന്‍ പോകുമ്പോഴും ഉറങ്ങിയെണീറ്റാലും. എന്നാല്‍ പ്രവാചക പാഠ പ്രകാരം വായയ്ക്കകത്ത് പകര്‍ച്ച അനുഭവപ്പെടുമ്പോഴെല്ലാം പല്ല് തേപ്പ് അനിവാര്യമാണ്. അതിന് പ്രത്യേക ബ്രഷും പേസ്റ്റും തന്നെ കാത്തിരിക്കണമെന്നുമില്ല. അറാക് മരത്തിന്റെ കമ്പ് വിശേഷമാണ്. അതിന്റെ സത്തയില്‍ പേസ്റ്റുകളില്‍ അടങ്ങിയതിലപ്പുറം അണുനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചേലാകര്‍മമാണ് മറ്റൊരു ശുചിത്വ മുറ. ഇതിപ്പോള്‍ മുസ്‌ലിംകളുടെ തിരിച്ചറിയല്‍ അടയാളമെന്ന പേരില്‍ പലരും പ്രത്യേക ദൃഷ്ടിയില്‍ നോക്കിക്കണ്ടു വിമര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യ രഹസ്യം വിദഗ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഗുഹ്യ രോമങ്ങള്‍ ഒഴിവാക്കലാണ് മറ്റൊരു മുറ. ഇതും ശുചിത്വത്തിന് എത്ര അനിവാര്യമാണെന്ന കാര്യം ആലോചിച്ചാല്‍ ബോധ്യപ്പെടും. ദേഹത്തിലെ കൂടുതല്‍ വിയര്‍ക്കുന്ന, മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലയെന്ന നിലയ്ക്ക് ഇടയ്ക്കിടെ രോമങ്ങള്‍ വടിച്ച് വൃത്തിയാക്കുക വഴി ശുചിത്വം ഉറപ്പിക്കാമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. നഖങ്ങള്‍ വെട്ടിമാറ്റുന്നതും ശുചീകരണ പ്രക്രിയയില്‍ പ്രധാന മുന്‍കരുതലാണ്. നഖത്തിനടിയില്‍ പറ്റിപ്പിടിക്കുന്ന മാലിന്യങ്ങള്‍ക്കൊപ്പം രോഗാണുക്കള്‍ക്ക് അകത്ത് കടക്കാന്‍ എളുപ്പമാണ്. ഇതെല്ലാം ഇടയ്ക്കിടെ നീക്കം ചെയ്യുക വഴി ശുചിത്വം ഉറപ്പ് വരുത്തണമെന്നാണ് പ്രവാചക നിര്‍ദേശം. പരമാവധി 40 ദിവസങ്ങള്‍ക്കകം ഒരിക്കലെങ്കിലും ചെയ്തിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ശരീരത്തിലെ ചുക്കിച്ചുളിഞ്ഞ ഭാഗങ്ങള്‍ പ്രത്യേകം തേച്ചു കഴുകുക, അംഗ സ്‌നാന സമയത്തും മറ്റും വായില്‍ വെള്ളം കയറ്റി കുലുക്കിത്തുപ്പുക, മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുക. തുടങ്ങിയവയും ശുചിത്വ മുറയായി പഠിപ്പിച്ചിട്ടുണ്ട്.

തലമുടി വളര്‍ത്താം. പക്ഷേ, അതിനെ എണ്ണ തേച്ചു, ചീകിയൊതുക്കി പരിപാലിക്കാന്‍ കഴിയണം. എല്ലാ കാര്യത്തിലും വൃത്തിയും വെടിപ്പും ചിട്ടയും വേണം. സൗന്ദര്യബോധം സൂക്ഷിക്കണം. അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നുവെന്ന വചനത്തിലൂടെ ശുചിത്വത്തോടൊപ്പം സൗന്ദര്യബോധവും ദീക്ഷിക്കണമെന്ന ഉണര്‍ത്തല്‍ കാണാം.

 

 

web desk 3: