X

നിരായുധനായ ഫലസ്തീന്‍ ബാലനു നേരെ വെടിയുതിര്‍ത്ത് ഇസ്രാഈല്‍ സൈന്യം; കൈകാലുകള്‍ നഷ്ടമായി 13കാരന്‍

ജറൂസലേം: ഫലസ്തീനികള്‍ക്കു നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം വീണ്ടും രൂക്ഷം. നിരായുധനായ ഫലസ്തീന്‍ ബാലനു നേരെ ഇസ്രാഈല്‍ സൈനികര്‍ വെടിയുതിര്‍ത്തു. 13കാരനായ മുഹമ്മദ് ഖദ്ദൂമിക്കു നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിക്ക് രണ്ടു കാലുകളും ഇടതു കൈയും നഷ്ടമായി. മീര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തി കടക്കുകയോ സൈനികര്‍ക്കു നേരെ പ്രകോപനമുണ്ടാക്കുകയോ ചെയ്യാതെയാണ് തന്റെ മകനു നേരെ ആക്രമണമുണ്ടായതെന്ന് ഖദ്ദൂമിയുടെ പിതാവ് പ്രതികരിച്ചു. വിദഗ്ധ ചികിത്സക്കായി ഇസ്രാഈല്‍ ആസ്പത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്നാല്‍ കുട്ടിക്കൊപ്പം മാതാപിതാക്കള്‍ ആസ്പത്രിയിലേക്ക് വരുന്നതിനെ ഇസ്രാഈല്‍ ഭരണകൂടം എതിര്‍ത്തു. പിന്നീട് മനുഷ്യാവകാശ സംഘടനകള്‍ ഇടപ്പെട്ടാണ് ഖദ്ദൂമിനൊപ്പം മാതാപിതാക്കളെ രാജ്യത്തെത്താന്‍ അനുവദിച്ചത്. അതേസമയം തങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞതിന് ഖദ്ദൂമിനും സുഹൃത്തുക്കള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇസ്രാഈല്‍ സൈന്യം.
ഫലസ്തീനി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് ഇസ്രാഈല്‍ സൈന്യം നടത്തുന്നത്. ഈ വര്‍ഷം മാത്രം 331 ഫലസ്തീനി കുട്ടികളെ ഇസ്രാഈല്‍ തടവിലാക്കിയതായാണ് വിവരം.

chandrika: