X

കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ‘അമ്മ’ വെട്ടിച്ചത് കോടികള്‍; ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

കൊച്ചി: സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ നികുതി ഇനത്തില്‍ വന്‍ തുക വെട്ടിച്ചതായി ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘടന കോടികളുടെ തുക അമ്മ വെട്ടിച്ചത്. എട്ടു കോടിയിലധികം രൂപയുടെ വെട്ടിപ്പ് ഇത്തരത്തില്‍ നടന്നതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
ചാരിറ്റി സംഘടനയല്ലാത്ത ‘അമ്മ’ക്ക് ഇത്തരത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുക ചെലവഴിക്കാന്‍ താരസംഘടനക്ക് അവകാശമില്ലെന്ന് ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നു. യാതൊരു രേഖകളുമില്ലാതെയാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. വിദേശത്തും കേരളത്തിലും സംഘടന നടത്തിയ താരനിശയുടെ പ്രതിഫലത്തുക മറച്ചുവെച്ചാണ് ‘ അമ്മ’യുടെ നികുതിവെട്ടിപ്പ്. 2011-12, 2014-15 പരിപാടികളുടെ വിവരങ്ങളാണ് മറച്ചുവെച്ചത്. 2012ല്‍ സ്വകാര്യ ചാനലിനു വേണ്ടി അമ്മ നടത്തിയ താരനിശക്ക് പ്രതിഫലമായി രണ്ടു കോടി അഞ്ചു ലക്ഷം രൂപയാണ്. ഇതിനു പിന്നാലെ 2014ല്‍ മറ്റൊരു ചാനലിനു വേണ്ടി നടത്തിയ താരനിശക്ക് ആറു ലക്ഷം രൂപയും പ്രതിഫലം കൈപറ്റിയിരുന്നു. എന്നാല്‍ ഈ തുകക്ക് നികുതി നല്‍കിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

chandrika: