X

സി.കെ വിനീതിനെ പുറത്താക്കി

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലി നഷ്ടമായി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടത്. തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്നു വിനീത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നാലര വര്‍ഷം മുമ്പാണ് ഏജീസ് ഓഫീസില്‍ സി.കെ വിനീത് ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മതിയായ ഹാജറില്ലാത്തതിനാല്‍ വിനീതിനെ പിരിച്ചു വിടാന്‍ നീക്കം നടക്കുന്നതായുള്ള വിവരം പുറത്തുവന്നതിനെ തുടര്‍ന്ന്, തീരുമാനം പിന്‍വലിക്കണമെന്ന് കായിക മന്ത്രി എ.സി മൊയ്തീനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അക്കൗണ്ട് ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് തള്ളിയാണ് ഏജീസ് അധികൃതര്‍ വിനീതിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഈ മാസം ഏഴി വിനീതിനെ ജോലിയില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ഉത്തരവില്‍ പറയുന്നത്.
ഓഫിസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്തയച്ചെങ്കിലും വിനീത് ഔദ്യോഗികമായി മറുപടി നല്‍കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നു ഏജീസ് ഓഫിസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഏജീസ് തീരുമാനം അംഗീകരിക്കുന്നുവെന്നും നിയമ നടപടിക്കില്ലെന്നും വിനീത് വ്യക്തമാക്കി. കളി നിര്‍ത്തി ഓഫിസില്‍ ഇരിക്കാനില്ലെന്നും താരം പറഞ്ഞു. ഫഡറേഷന്‍ കപ്പ് സെമി മത്സരത്തിനായി ഒഡീഷയിലാണ് ബംഗലൂരു എഫ് സി താരമായ വിനീത്.

chandrika: