X

പുതിയ തീരുമാനത്തിന് ‘കാരണഭൂത’ന്‍ ആരായാലും കുഴപ്പമില്ല,അഭിവാദ്യങ്ങള്‍;വിഡി സതീശന്‍

വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കിയ തീരുമാനത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുന്നതിന്റെ തൊട്ടു മുമ്പ് പ്രവാസികളെ ദ്രോഹിക്കുന്ന നിയമത്തില്‍ ഇളവ് വരുത്തി സര്‍ക്കാറിനതിരെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അങ്ങനെ ഒടുവില്‍ ആ പ്രഖ്യാപനവും വന്നു…
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതി. രോഗലക്ഷണം ഉള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്കുള്ളൂ. എട്ടാം ദിവസം ആര്‍.ടി.പി.സി.ആറും വേണ്ട. നല്ലത്, വൈകിയാണെങ്കിലും വിവേകം ഉണ്ടായാല്‍ അത് അംഗീകരിക്കണമല്ലോ.

പാവം പ്രവാസികള്‍….

എത്ര നാളായി അവര്‍ കരഞ്ഞ് പറയുന്നു. എന്നിട്ടും സര്‍ക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്ക് സമയം?

പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോള്‍ കണ്ടെത്തിയ വിദഗ്ധ സമിതിയുടെ വൈദഗ്ധ്യത്തെ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇത്രയേറെ വൈദഗ്ധ്യം കാട്ടിയിട്ടും കോവിഡ് കൂടിയത് അന്തര്‍ദേശീയ പ്രതിഭാസത്തിന്റെ ഭാഗമാണെന്നതാണ് സൈബര്‍ ബുദ്ധിജീവികളുടെ കണ്ടെത്തല്‍. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം എന്നുള്ളത് കൊണ്ട് പാര്‍ട്ടി സമ്മേളന വേദിയിലൊന്നും കൊറോണ വൈറസിന് കടക്കാനേ കഴിഞ്ഞില്ല.

വിദേശ രാജ്യങ്ങളില്‍ അത്ര ആസൂത്രമില്ല അതുകൊണ്ടാണ് പ്രവാസികളെ പിടിച്ചു നിര്‍ത്തി പരിശോധിച്ചത്.
എന്നാലിപ്പോള്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ വേണ്ടെന്നു തീരുമാനിച്ചതിനും ചിലര്‍ക്ക് റോളുണ്ടെന്നാണ് കേള്‍ക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചെത്തുന്നത് കൊണ്ട് ക്വാറന്റെന്‍ ഒഴിവാക്കി എന്ന് പറയുന്നവരുണ്ട്. ഈ സംശയം നേരിട്ട് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ആരോഗ്യ മന്ത്രിയുടെ തിരക്ക് നാം മനസിലാക്കണമല്ലോ. അതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട. ചോദിച്ചാലും ഉത്തരമുണ്ടാകില്ല.

എന്തായാലും പുതിയ തീരുമാനത്തിന് ‘കാരണഭൂത’ ന്‍ ആരായാലും കുഴപ്പമില്ല. അഭിവാദ്യങ്ങള്‍..
പാവപ്പെട്ട പ്രവാസികള്‍ക്ക് ആശ്വാസമാകുമല്ലോ …

web desk 3: