X

സി.പി.എമ്മിന്റേത് സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതിരോധിക്കേണ്ട യാത്ര : പി.എം.എ സലാം

മലപ്പുറം: പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങിയെന്നും അതിന്റെ ഫലമാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സിറ്റിങ് സീറ്റിലടക്കം ദയനീയ പരാജയമാണ് എല്‍.ഡി.എഫിനു ഏറ്റുവാങ്ങേണ്ടിവന്നത്. വിലക്കയറ്റത്തില്‍ ജനം ദുരിതമനുഭവിക്കുന്നതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. പ്രയാസമുനഭവിക്കുന്ന ജനങ്ങളുടെ തലക്കുമീതെ കൂടുതല്‍ ഭാരം കയറ്റിവെച്ച് അവരെ പിന്നെയുംപിന്നെയും പീഡിപ്പിക്കുകയാണ്. അതിനുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലേറ്റ പ്രഹരം. ഈ പരാജയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തൃക്കാക്കരയില്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഒരു നിയമസഭാതിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് കെട്ടിവച്ച കാശ് പോലും തിരിച്ചുകിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചത്. എന്നാല്‍ ഈ യാത്ര പാര്‍ട്ടിയെ തന്നെ പ്രതിരോധിക്കേണ്ട യാത്രയായി മാറി. യാത്രയുടെ സര്‍വ്വ ലക്ഷ്യങ്ങളും പൊളിഞ്ഞു. എത്ര യാത്ര നടത്തിയാലും സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനാകില്ല. ജാഥ കേന്ദ്രത്തിനെതിരെയെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരിടത്തു പോലും ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പറയുന്നില്ല. ബിജെപിക്കെതിരെ ഒരിടത്തുപോലും പ്രതികരിച്ചില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഭരണ പരാജയം മൂടിവെക്കാന്‍ എത്ര ജാഥ നടത്തിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ പിണറായി വി.എസിനെ മാതൃകയാക്കണം. പണ്ട് കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രം കുറച്ച സമയത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ എം.എല്‍.എമാരെയും പങ്കെടുപ്പിച്ചു നടത്തിയ മാര്‍ച്ച് രാജ്യം ചര്‍ച്ച ചെയ്തു. അത്തരത്തിലൊരു പ്രതിഷേധ മാര്‍ച്ചു നടത്താന്‍ പിണറായിക്കു ധൈര്യമുണ്ടാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭക്കകത്ത് മാത്രം പ്രതിരോധിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. പാചക വാതക വില വര്‍ദ്ധിച്ച സമയത്ത് നടുറോഡിലിറങ്ങി സമരം ചെയ്ത പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി. എന്നാല്‍ ഇപ്പോള്‍ ഒരു സമരവുമില്ല. നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമില്ലാതെ ഇപ്പോള്‍ സര്‍ക്കാരിന് യാതൊരു ജന പിന്തുണയുമില്ല. ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലക്ക് യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ നടത്തും. എന്നാല്‍ അതിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ദേശീയ തെരഞ്ഞെടുപ്പുഫലത്തില്‍ ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ബി.ജെ.പിക്കെതിരെ എല്ലാ മതേതരകക്ഷികളും ഒന്നിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു. രാജ്യത്തെ ഓരോ പാര്‍ട്ടികളും വിശാലമായ രാജ്യതാല്‍പര്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Chandrika Web: