X

അഴിമതി: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു

 

ജൊഹാനസ്ബര്‍ഗ്: സ്വന്തം പാര്‍ട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചു. ഡെപ്യൂട്ടി പ്രസിഡന്റും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എ.എന്‍.സി) നേതാവുമായ സിറില്‍ റമഫോസയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ 30 മിനുട്ട് നീണ്ട വിടവാങ്ങല്‍ പ്രസംഗത്തിലാണ് സുമ രാജി പ്രഖ്യാപിച്ചത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ എ.എന്‍.സിയില്‍നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജിവെക്കുന്നതിന് സുമക്ക് പാര്‍ട്ടി 48 മണിക്കൂര്‍ സമയവും നല്‍കി.

അന്ത്യശാസന സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം രാജി വെക്കുന്ന വിവരം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തോട് യോജിക്കുന്നില്ലെന്നും തന്റെ പേരില്‍ എ.എന്‍.സി പിളരാതിരിക്കാനാണ് അധികാരമൊഴിയുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്കമുള്ള പാര്‍ട്ടി മെമ്പറാണ് താനെന്നും സുമ അറിയിച്ചു.

അധികാരത്തിലിരിക്കെ സംഭവിച്ച തെറ്റുകള്‍ക്ക് അദ്ദേഹം ക്ഷമചോദിച്ചു. രാജ്യത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. ആരോപണങ്ങളില്‍ സത്യമില്ല. തുടര്‍ന്നും രാജ്യത്തിനും പാര്‍ട്ടിക്കും സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുമ രാജിവെച്ച ഉടന്‍ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റ റമഫോസയെ ദേശീയ അസംബ്ലി ഔദ്യോഗികമായി പ്രസിന്റായി തെരഞ്ഞെടുക്കുകയായിരുന്നു. എ.എന്‍.സിയുടെ 107 അംഗ ദേശീയ എക്‌സിക്യൂട്ടീവ് 13 മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് സുമയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സുമക്കെതിരെയുള്ള അഴിമതിയാരോപണങ്ങളും സാമ്പത്തിക പ്രതിസന്ധിയും പാര്‍ട്ടിയുടെ അട്ടിത്തറ ഇളക്കുമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് വിലയിരുത്തി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സുമയുമായി ജനങ്ങളെ സമീപിക്കില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പായിരുന്നു. മുഖംമിനുക്കലിന്റെ ഭാഗമായാണ് അദ്ദേഹത്തെ പുറത്താക്കിയത്. 2009ലാണ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായത്.

chandrika: