X

മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ച ബി.ജെ.പി നേതാവിന് തടവും പിഴയും

വനിതാ മാധ്യമപ്രവര്‍ത്തകയെ തെറിവിളിച്ചതിന് തമിഴ് നടനും ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് ചെന്നൈ ഹൈക്കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 15000 രൂപ പിഴയും വിധിച്ചു.

സോഷ്യല്‍ മീഡിയയിലാണ് ഇയാള്‍ അപകീര്‍ത്തികരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്. 2018ല്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വനിതാ മാധ്യമപ്രവര്‍ത്തകയെ കവിളില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ്.വി ശേഖര്‍ വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

എസ്.വി ശേഖറിനെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ ഫിനൈല്‍ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.

ഇയാള്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയെ നിരക്ഷരര്‍, വിഡ്ഢികള്‍, വൃത്തികെട്ടവര്‍ എന്നും ഇയാള്‍ വിശേഷിപ്പിച്ചു. തുടര്‍ന്ന് ക്ഷമാപണം നടത്തിയ എസ്.വി. ശേഖര്‍ ഉള്ളടക്കം വായിക്കാതെയാണ് താന്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്ന് കോടതിയില്‍ പറഞ്ഞെങ്കിലും ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു.

 

webdesk13: