X

സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. ഇതോടെ, രാജ്യസഭയിലേക്ക് സീറ്റ് നേടുന്ന രണ്ടാമത്തെ ഗാന്ധി കുടുംബാംഗമായി സോണിയ മാറി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് താൻ അവസാനമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു . അഞ്ച് തവണ ലോക്‌സഭയിലേക്ക് ​തിരഞ്ഞെടുക്കപ്പെട്ട 77 കാരിയായ സോണിയ രാജ്യസഭയിലെത്തുന്നത് ആദ്യമായാണ്.

2004 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി , ആരോഗ്യപ്രശ്നങ്ങളും പ്രായപ്രശ്നങ്ങളും കാരണം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം റായ്ബറേലിയിലെ വോട്ടർമാരെ അറിയിച്ചിരുന്നു. ഈ വേളയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കുടുംബത്തിൽ നിന്നും മറ്റൊരാൾ മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കുമെന്ന സൂചനകളും നൽകിയിരുന്നു.

സോണിയാ ഗാന്ധി പിന്മാറിയ സാഹചര്യത്തിൽ മകൾ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന് റി​പ്പോർട്ടുകളുണ്ട്. 200 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 115 ഉം കോൺഗ്രസിന് 70 ഉം അംഗങ്ങളാണുള്ളത്. രാജസ്ഥാനിൽ 10 രാജ്യസഭാ സീറ്റുകളാണുള്ളത്. ഫലം വന്നപ്പോൾ കോൺഗ്രസിന് ആറും ബി.ജെ.പിക്ക് നാലും അംഗങ്ങളാണുള്ളത്.

webdesk13: