X
    Categories: MoreViews

പുതു ചരിത്രമെഴുതി ജാമിഅ നൂരിയ സമ്മേളനം

ഞ്ച് ദിവസമായി പൂക്കോയ തങ്ങള്‍ നഗരിയില്‍ ആത്മീയ വെളിച്ചം പകര്‍ന്ന പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനം പുതു ചരിത്രമെഴുതി. ശുഭ്ര സാഗരം തീര്‍ത്ത് ഫൈസാബാദ് വീര്‍പ്പുമുട്ടി. സുന്നി കൈരളി ജാമിഅയിലേക്ക് ഒഴുകുകയായിരുന്നു. കാര്യമായ പ്രചാരണങ്ങളില്ലാതെ എല്ലാ വര്‍ഷവും നടന്നു വരുന്ന സമ്മേളനത്തിനു ലഭിക്കുന്ന സ്വീകാര്യത ജാമിഅനൂരിയ്യയുടെ നിസ്വാര്‍ത്ഥമായ സേവനത്തെ സ്വര്‍ണതിളക്കത്തോടെ അടയാളപ്പെടുത്തുകയാണ്. ഓരോ വര്‍ഷവും സമ്മേളനം വമ്പിച്ചതായി മാറുന്നത് ജാമിഅക്ക് ലഭിക്കുന്ന അംഗീകാരം അളവറ്റതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആത്മീയ വിജ്ഞാനത്തിന്റെ ഗോപുരമായി പരിലസിക്കുന്ന ജാമിഅയുടെ ഓരോ സമ്മേളനവും മാനവ സ്‌നേഹവും മഹത്പാതയും വിളംബരം ചെയ്തു.

സമ്മേളനത്തില്‍ മുടങ്ങാതെ പങ്കെടുക്കുവാന്‍ ദൂരദിക്കുകളില്‍ നിന്നും എത്തുന്ന എത്രയോ പേര്‍, ജാമിഅയില്‍ നിന്നും നറുനിലാവായൊഴുകുന്ന ആത്മീയവെളിച്ചത്തില്‍ കണ്ണിയാവാന്‍ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ പ്രവഹിച്ചത്. കേരളക്കരയിലും പുറത്തും മതപ്രബോധനത്തിനു മുഖ്യപങ്ക് വഹിക്കുവാന്‍ വീഥിയിലിറങ്ങുന്ന യുവ പണ്ഡിതര്‍ സനദ് ഏറ്റുവാങ്ങിയത് ചരിത്ര നിമിഷം കൂടിയായി. ഇസ്‌ലാമിക പ്രബോധനം കൂടുതല്‍ ഊര്‍ജിതമാക്കാനും പടരുന്ന ജീര്‍ണതകള്‍ വെടിഞ്ഞ് മതമൂല്യങ്ങളോടെ ആദര്‍ശപാതയില്‍ സഞ്ചരിക്കാനും ആഹ്വാനം ചെയ്താണ് ജാമിഅ നൂരിയ്യ 55-മത് വാര്‍ഷിക 53-ാമത് സനദ്ദാന സമ്മേളനം സമാപിച്ചത്.

മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് ദിവസങ്ങളായി അണമുറിയാത്ത ജനപ്രവാഹമായിരുന്നു. സമാപന സമ്മേളനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി.

കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി നിറഞ്ഞ ജാമിഅയുടെ വരുംദിനങ്ങളിലെ നിരവധി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ ഇരുന്നൂറില്‍പരം യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങിയപ്പോള്‍ ജാമിഅയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കൂടിയാണ് പിന്നിട്ടത്. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ പ്രതിജ്ഞാബദ്ധരായാണ് അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയത്. അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം ആറായിരം കവിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ബ്രിട്ടന്‍, അമേരിക്ക, തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിലും ജാമിഅയുടെ സന്തതികള്‍ പ്രബോധനം നടത്തി വരുന്നുണ്ട്. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയും നൂനപക്ഷങ്ങളുടെയും പുരോഗതി ലക്ഷ്യംവെച്ച് പ്രവര്‍ത്തനമാരംഭിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സ്‌കൂള്‍ തുടങ്ങിയത് വഴിത്തിരിവാണ്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക ട്രെയിനേഴ്‌സ് ട്രെയിനിങ് സെന്റര്‍, ശംസുല്‍ ഉലമ റിസര്‍ച്ച് സെന്റര്‍, കെ.വി ബാപ്പുഹാജി സ്മാരക മഹല്ല് മാനേജ്‌മെന്റ് അക്കാദമി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഫൈസി പ്രതിഭ പുരസ്‌കാരം, തുടങ്ങിയവയും ശ്രദ്ദേയമാണ്.

നിരവധി വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമ്മേളനം ചര്‍ച്ച ചെയ്തത്. രാജ്യത്തിനു ഭീഷണിയായ ഫാസിസത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമന്ന് സമ്മേളനം വിളംബരം ചെയ്തു. ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മിതഭാഷയാണ് ഇസ്‌ലാമിന്റേതെന്നും ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജാഗ്രതരായിരിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.

ശാക്തീകരണ സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, ചന്ദ്രിക എഡിറ്റര്‍ സി.പി.സൈതലവി, എസ്.വി.മുഹമ്മദലി, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി, സി.എച്ച്.ത്വയ്യിബ് ഫൈസി,മുസ്തഫാ മുണ്ടുപാറ, സിദ്ധീഖ് ഫൈസി വാളക്കുളം,മുജീബ് ഫൈസി പൂലോട,ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, റിശാദലി ഓമാനൂര്‍് സംസാരിച്ചു. എസ്.കെ.ഹംസ ഹാജി,കാടാമ്പുഴ മൂസ ഹാജി,ഹംസ ഹാജി മൂന്നിയൂര്‍,ശമീര്‍ ഫൈസി ഒടമല,ശഹീര്‍ അന്‍വരി പുറങ്ങ ്സംസാരിച്ചു.
ദേശീയ സമ്മേളനം വഖഫ ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. മൗലാനാ ഖമറുസ്സമാന്‍ ബംഗാള്‍ മുഖ്യപ്രഭാഷണം നടത്തി.

ഇദ്‌രീസ് അലി മണ്ടേല്‍, ഇസ്ഹാഖ് ഹാജി തോഡാര്‍, കെ.പി.മുഹമ്മദ് കുട്ട്ി, എം.കെ.നൗഷാദ് ബാംഗ്ലൂര്‍, ഡോ.ബശീര്‍ പനങ്ങാങ്ങര,അംജദ് ഫൈസി മുട്ടില്‍,വി.കെ.കുഞ്ഞിമുഹമ്മജ് ഹാജി ബഹ്റൈന്‍, എ.ഹബീബുറഹ്മാന്‍ വേങ്ങൂര്‍,ശിയാസ് സുല്‍ത്താന്‍, മുഹമ്മദലി പുതുപ്പറമ്പ്,ഇല്യാസ് ഫൈസി കുഴല്‍മന്ദം,റഹീം പകര സംസാരിച്ചു.

chandrika: