X

ജമ്മു കാശ്മീര്‍: സര്‍ക്കാറിന് സാവകാശം ആവശ്യമെന്ന് കോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സാധാരണനില വീണ്ടെടുക്കാ ന്‍ കേന്ദ്ര സര്‍ക്കാറിന് സാവകാശം അനിവാര്യമാണെന്ന് സുപ്രീംകോടതി. കാര്യങ്ങള്‍ എങ്ങനെ സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ജീവാപായമില്ലാതെ കശ്മീരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അല്‍പം കാത്തിരിക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എം.ആര്‍ ഷാ, അജയ് റസ്‌തോഗി എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പശ്ചാത്തലത്തില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും അവശ്യകാര്യങ്ങള്‍ ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തഹ്്‌സീന്‍ പുനെവാലെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതി പരാമര്‍ശം. കടുത്ത നിയന്ത്രണങ്ങളാണ് പൗരന്മാര്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സൈനികര്‍ക്കു പോലും സ്വന്തം വീടുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. സ്വന്തം അമ്മയുടെ ഒരു ഫോണ്‍വിളി പോലും എത്താത്ത ദീപാവലി ആഘോഷം സങ്കല്‍പ്പിക്കാനാകുമോ. അവശ്യ കാര്യങ്ങള്‍ക്കുപോലും ഉറ്റവരുമായി ബന്ധപ്പെടാനാവുന്നില്ല. ആസ്പത്രികളില്‍ ചികിത്സ തേടാനാവുന്നില്ല. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി.
അതേസമയം ക്രമസമാധാനം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിച്ച ശേഷം ഓരോ ജില്ലകളിലും അതത് ജില്ലാ മജിസ്‌ട്രേറ്റുമാരാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദിനേന സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നുമുണ്ട്. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന് സാവകാശം വേണം. സൈനികര്‍ രാജ്യത്തിനു മീതെയല്ലെന്നും അച്ചടക്കം പാലിക്കാന്‍ ശീലിച്ചവരാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഒറ്റ രാത്രി കൊണ്ട് കശ്മീരിനെ സാധാരണ നിലയിലെത്തിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാറിന് സാവകാശം നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. കേസ് വീണ്ടും പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

chandrika: