X
    Categories: CultureMoreViews

ജപ്പാനില്‍ രൂക്ഷമായ ഉഷ്ണതരംഗം; 30 പേര്‍ മരിച്ചു

ടോക്യോ: ജപ്പാനില്‍ രൂക്ഷമായ ഉഷ്ണതരംഗത്തില്‍ 30 പേര്‍ മരിച്ചു. ആയിരത്തോളം ആളുകള്‍ ആസ്പത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ജപ്പാനില്‍ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. 40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. അഞ്ച് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. ക്യോട്ടോ സിറ്റിയില്‍ ഏഴ് ദിവസമായി താപനില 38 ഡിഗ്രിയില്‍ തുടരുകയാണ്. ചരിത്രത്തിലാദ്യമായാണ് താപനില ഇത്ര ദീര്‍ഘിച്ച സമയം ഒരേ അളവില്‍ തുടരുന്നത്.

ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറുവയസുകാരന്‍ സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൂടിന്റെ ആഘാതം കുറക്കാന്‍ സ്‌കൂളുകള്‍ക്ക് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. നിര്‍ജലീകരണത്തെ തടയാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് ജപ്പാന്‍ പ്രളയത്തിന്റെ പിടിയിലായിരുന്നു. 200ല്‍ അധികം ആളുകള്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അതിന് പിന്നാലെയാണ് അത്യുഷ്ണം ജപ്പാന്‍ ജനതയെ ദുരിതത്തിലാക്കിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ അത്യുഷ്ണം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: