X

ബിജെപിയുടെ പരാജയത്തിന് ബംഗാള്‍ വഴി തെളിയിക്കും; മോദിക്ക് മമതയുടെ മുന്നറിയിപ്പ്

കൊല്‍ക്കത്ത: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാനായി പ്രവര്‍ത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ ആഹ്വാനം. 2019ലെ പൊതു തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്നും 100 സീറ്റില്‍ താഴേക്ക് ചുരുങ്ങുമെന്നും മമത നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നല്‍കി. 1993ലുണ്ടായ വെടിവെപ്പില്‍ 13 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിക്‌ടോറിയ ഹൗസിനു പുറത്ത് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 ലോക്‌സഭാ സീറ്റും നേടും. ബിജെപിയുടെ പരാജയത്തിലേക്ക് ബംഗാള്‍ വഴി തെളിയിക്കുമെന്നും മമത പറഞ്ഞു. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക എന്ന് മമത പരിഹസിച്ചു. കഴിഞ്ഞ ആഴ്ച മിഡ്‌നാപൂരില്‍ മോദി പങ്കെടുത്ത റാലിക്ക് വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീണിരുന്നു. സംഭവത്തില്‍ 90ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവം സൂചിപ്പിച്ചായിരുന്നു മമതയുടെ പരിഹാസം.

ബിജെപിയെ തൂത്തെറിയൂ, രാജ്യത്തെ രക്ഷിക്കൂ.. എന്ന പേരില്‍ ആഗസ്റ്റ് 15ന് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതായും മമത പറഞ്ഞു. സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ചേര്‍ന്നായിരിക്കും ക്യാമ്പയിന്‍ സംഘടിപ്പിക്കുക. ഇതു കൂടാതെ അടുത്ത വര്‍ഷം ജനുവരി 19ന് രാജ്യത്താകമാനമുള്ള നേതാക്കളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മെഗാറാലി നടത്തുമെന്നും മമത പറഞ്ഞു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് 325 വോട്ടുകള്‍ ലഭിച്ചു പക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിന്റെ മൂന്നിലൊന്ന് സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നും മമത പറഞ്ഞു. ബംഗാളിന് പുറമെ യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അമ്പേ പരാജയപ്പെടുമെന്നും മമത വ്യക്തമാക്കി.

chandrika: