X

ബി.ജെ.പി ശ്രമിക്കുന്നത് നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍: സോണിയ

ന്യൂഡല്‍ഹി: നെഹ്‌റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ഇന്ത്യന്‍ ജനാധിപത്യത്തെ ഏകീകരിക്കുകയും ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉറപ്പിക്കുകയുമായിരുന്നു നെഹ്‌റു. എന്നാല്‍ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ആദ്യ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രാജ്യത്തെ തിന്‍മയിലേക്ക് നയിക്കാനാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് സോണിയ പറഞ്ഞു.

നെഹ്‌റിവിയന്‍ മൂല്യങ്ങളെക്കുറിച്ചാണ് ഇന്നു നമ്മള്‍ അഭിമാനത്തോടെ പറയുന്നത്. അദ്ദേഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും മതനിരപേക്ഷത ഉറപ്പാക്കുകയും ചെയ്തു. ചേരിചേരാനയത്തിന് അനുസൃതമായി സാമ്പത്തിക, വിദേശകാര്യ നയങ്ങള്‍ രൂപപ്പെടുത്തി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇന്ത്യയെ രൂപപ്പെടുത്താന്‍ നെഹ്‌റു ചെയ്ത എല്ലാ കാര്യങ്ങളെയും അധിക്ഷേപിക്കുകയും ദുരുദ്ദേശ്യത്തോടെ അതിനെ വളച്ചൊടിക്കുകയുമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിലൂടെയാണ് നെഹ്‌റുവിനുള്ള ആദരവ് അര്‍പ്പിക്കേണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചേ പറ്റൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

ക്രിയാത്മകമായ വിമര്‍ശനങ്ങളെ നെഹ്‌റു പ്രോത്സാഹിപ്പിച്ചിരുന്നതായും രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നെഹ്‌റു പരിശ്രമിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു ചായക്കടക്കാരന് പ്രധാനമന്ത്രിയാവാന്‍ സാധിച്ചത് നെഹ്‌റു സ്ഥാപിച്ച സംവിധാനങ്ങളിലൂടെയാണ്. ഇതുവഴി ആര്‍ക്കുവേണമെങ്കിലും രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്താമെന്നും തരൂര്‍ പറഞ്ഞു.

chandrika: