X

‘വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും’; ഷാജഹാന്റെ അറസ്റ്റില്‍ പിണറായിയെ പരിഹസിച്ച് ജയശങ്കര്‍; വ്യക്തിവിരോധം തീര്‍ക്കുകയാണ് പിണറായിയെന്ന് ഷാജഹാന്‍

വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരുമെന്ന് അഡ്വ ജയശങ്കര്‍. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം സമരം ചെയ്യാനെത്തിയ കെ.എം ഷാജഹാനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പിണറായിയെ പരിഹസിക്കുകയാണ് ജയശങ്കര്‍. വി.എസ്സിന്റെ അഡീഷ്ണല്‍ പി.എസ് ആയിരുന്ന കാലം മുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് കെ.എം ഷാജഹാനെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഷാജഹാന്‍ എക്കാലത്തും വിളിച്ചുപറഞ്ഞിട്ടുണ്ട്. പോലീസ് ആസ്ഥാനം ആര്‍.ഡി.എക്‌സുപയോഗിച്ചു തകര്‍ക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ഷാജഹാനെതിരെയുള്ള ചാര്‍ജ്. ജാമ്യം കിട്ടുന്ന പ്രശ്‌നമില്ല. കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ കൊടുത്തുകഴിഞ്ഞുവെന്നും മൂന്നാംമുറയും പ്രതീക്ഷിക്കാമെന്നും ജയശങ്കര്‍ പറയുന്നു. ഇത് എല്ലാ അലവലാതികള്‍ക്കുമുളള മുന്നറിയിപ്പാണ്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും-ഇങ്ങെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് കെ.എം ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിന് ദ്രോഹിക്കുന്നുവെന്ന് പോലീസ് കാവലില്‍ എല്‍.എല്‍.ബി പരീക്ഷയെഴുതാന്‍ എത്തിയപ്പോള്‍ ഷാജഹാന്‍ പറഞ്ഞു. ഇത് ഭരണഘടനാ ലംഘനമാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂ. നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

റഷ്യയില്‍ സ്റ്റാലിനും ചൈനയില്‍ മാവോയ്ക്കും റുമാനിയയില്‍ ചൗഷെസ്‌ക്യുവിനും ഉണ്ടായിരുന്ന സൗകര്യങ്ങള്‍ ഇവിടെ പിണറായി വിജയന് ലഭ്യമല്ല. എന്നാലും വിട്ടുകൊടുക്കാനല്ല ഭാവം.
വിഎസ്സിന്റെ അഡീഷണല്‍ പിഎസ് ആയിരുന്ന കാലം മുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് കെഎം ഷാജഹാന്‍. ബുദ്ധി ഉപദേശിച്ചു കൊടുത്ത് കാരണവരെ ജനപ്രിയ നായകനാക്കിയത് ഈ കുലംകുത്തിയാണെന്ന് വിജയേട്ടന്‍ ധരിച്ചു വശായി. ഷാജഹാനെ വിഎസ്സിന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
ഷാജഹാനു കോണ്‍ഗ്രസിലോ മുസ്ലിംലീഗിലോ ചേരാമായിരുന്നു. അതു ചെയ്തില്ല. പകരം വൈകിട്ട് ടിവി ചാനലുകളില്‍ ചെന്നിരുന്ന് പിണറായിയെ ചളുക്കാന്‍ തുടങ്ങി. ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നു, നടന്നു, നടന്നു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
വിഎസ്സിന്റെയും ഉമ്മന്റെയും ഭരണകാലത്ത് പറഞ്ഞത് പോകട്ടെ. പിണറായി മുഖ്യമന്ത്രിയായ ശേഷവും അതേ അസംബന്ധം ആവര്‍ത്തിച്ചു.
മനുഷ്യന്റെ ക്ഷമയ്ക്കും ഒരതിരുണ്ട്. കണ്ണൂരെങ്ങാനും ആയിരുന്നെങ്കില്‍ കൊടി സുനിയോട് പറയാമായിരുന്നു. ഇത് പക്ഷേ, തിരുവനന്തപുരം ആയിപ്പോയി. പോരാത്തതിന് ഡോ.ഇക്ബാലിന്റെ ജ്യേഷ്ഠന്റെ മകനും.
അങ്ങനെ തക്കം നോക്കിയിരിക്കുമ്പോഴാണ്, ജിഷ്ണുവിന്റെ അമ്മയുടെ വരവ്. പിന്നെ എല്ലാം ഭംഗിയായി നടന്നു. മഹിജ ആശുപത്രിയില്‍, ഷാജഹാന്‍ ജയിലില്‍.
പോലീസ് ആസ്ഥാനം ആര്‍ഡിഎക്‌സുപയോഗിച്ചു തകര്‍ക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ചാര്‍ജ്. ജാമ്യം കിട്ടുന്ന പ്രശ്‌നമില്ല. കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ കൊടുത്തു കഴിഞ്ഞു. മൂന്നാംമുറയും പ്രതീക്ഷിക്കാം.
മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല. ഇനി മിണ്ടാനും ഇടയില്ല. തിരിച്ചു കൊടുക്കാന്‍ അവാര്‍ഡും ബാക്കിയില്ല.
ഇത് എല്ലാ അലവലാതികള്‍ക്കുമുളള മുന്നറിയിപ്പാണ്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും.

 

chandrika: