X

കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും

കോഴിക്കോട്: മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കണെമെന്നാവശ്യപ്പെട്ട് ജെഡിഎസ് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് കൈമാറും. സികെ നാണുവും കെ.കൃഷ്ണന്‍കുട്ടിയും കോഴിക്കോട് വച്ചാവും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുക.

അതേസമയം രാജി വിഷയത്തില്‍ അതൃപ്തി പുറത്തുകാട്ടി മാത്യു ടി തോമസ് രംഗത്തെത്തി. പിളര്‍പ്പൊഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം അംഗീകരിച്ചതെന്നും വൈകാതെ രാജികത്ത് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും മാത്യുടി തോമസും പ്രതികരിച്ചു.

ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ ദേശീയ നേതൃത്വം മാത്യൂ ടി.തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. ദേവ ഗൗഡയും ഡാനിഷ് അലിയും സി.കെ.നാണുവും കൃഷ്ണന്‍കുട്ടിയുമായി ബാംഗലൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ചിറ്റൂര്‍ എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി ബംഗളൂരുവില്‍ പ്രതികരിച്ചു.

സംസ്ഥാന ഭാരവാഹി യോഗം പാസാക്കിയ പ്രമേയ പ്രകാരമാണ് മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത്. മാത്യുടി തോമസിന് പകരം കൃഷ്ണന്‍കുട്ടിയ മന്ത്രിയാക്കണമെന്ന കത്ത് നിയമസഭാകക്ഷി നേതാവായ സി.കെ.നാണുവിനെ ഏല്‍പിക്കുകായിരുന്നു. തീരുമാനത്തില്‍ മാത്യു ടി.തോമസിനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങളെയും ദേവഗൗഡ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ മാത്യു.ടി തോമസ് ചര്‍ച്ചക്ക് എത്തിയിരുന്നില്ല.

രാത്രി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിട്ടും മത്യു ടി.തോമസ് രാജിക്കത്ത് കൈമാറിയില്ല. ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിക്കുന്ന മുഖ്യമന്ത്രി തിങ്കളാഴ്ചയേ തലസ്ഥാനത്തെത്തൂ. അതുകൊണ്ട് നേരിട്ട് രാജി കത്ത് കൈമാറുകയാണെങ്കില്‍ അത് ഇനി തിങ്കളാഴ്ചയേ സാധിക്കൂ. തനിക്കെതിരെ കൃഷ്ണന്‍കുട്ടി വ്യക്തിഹത്യ നടത്തിയെന്ന പരാതി ദേശീയ നേതൃത്വം പരിഗണിക്കാത്തതില്‍ മാത്യു ടി.തോമസിന് അതൃപതിയുണ്ട്. മന്ത്രി മാറിയെങ്കിലും ജെഡിഎസിലെ ഭിന്നത തുടരുന്നതിന്റെ സൂചനകളാണ് മാത്യു ടി.തോമസിന്റെ പരസ്യ പ്രതികരണം.

chandrika: