X

ജ്വല്ലറി തുരന്ന് 50 കോടിയുടെ സ്വര്‍ണം കവര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ ലളിത ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. മുഖംമൂടി ധരിച്ച രണ്ടുപേര്‍ ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തി തുരന്ന് അകത്തുകയറുന്നത് സിസിടിവിയില്‍ കാണാം. രാത്രി രണ്ടിനും മൂന്നിനും ഇടക്കാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ജ്വല്ലറിക്ക് സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും പിറകുവശത്തേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞില്ല. ജനത്തിരക്കുള്ള മേഖലയില്‍ നടന്ന വന്‍ കവര്‍ച്ച പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഐ.ജി വി.വരദരാജു അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെ പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. ജ്വല്ലറിക്ക് സമീപത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ജനുവരിയില്‍ തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ബാങ്കിന്റെ അഞ്ച് ലോക്കറുകളില്‍നിന്നായി 19 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.

web desk 1: