X

ഇസ്രാഈലിനെ ജൂതരാഷ്ട്രമാക്കി പ്രഖ്യാപിച്ചു; വ്യാപക പ്രതിഷേധം

ടെല്‍അവീവ്: ഇസ്രാഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഫലസ്തീനികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന പുതിയ നിയമങ്ങളടങ്ങിയ ബില്ല് 55നെതിരെ 62 വോട്ടുകള്‍ക്കാണ് ഇസ്രാഈല്‍ പാര്‍ലമെന്റ് സഭ പാസാക്കിയത്. ബില്ലില്‍ ഔദ്യോഗിക ഭാഷാപദവിയില്‍നിന്ന് അറബിയെ നീക്കി കൂടാതെ ഹീബ്രൂവിനെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ജൂതസമൂഹത്തിന്റെ സംസ്ഥാപനമാണ് ദേശീയ താല്‍പര്യമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സെനറ്റിലെ ഫലസ്തീന്‍ അംഗങ്ങള്‍ ബില്ലിനെ അപലപിച്ചു. ഫലസ്തീന്‍ പൗരന്മാരെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇസ്രാഈല്‍ പാര്‍ലമെന്റെ് പാസാക്കിയ ജൂത രാഷ്ട്ര നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. ജൂതജനതക്ക് അധികാരങ്ങള്‍ തീരെഴുതിക്കൊടുക്കുകയും ഫലസ്തീനികളെ രണ്ടാംകിടക്കാരായി പ്രഖ്യാപിക്കുകയും ചെയ്യുന്ന നിയമത്തിനെതിരെ ഇസ്രാഈലിലെ ഭരണകക്ഷിയില്‍നിന്നുള്ളവര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ജൂതര്‍ക്ക് പരമാധികാരം നല്‍കുന്ന നിയമം ഫലസ്തീനികളെ രണ്ടാംകിടക്കാരായി കാണുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് അറബ് പാര്‍ട്ടികളുടെ കൂട്ടായ്മ പറഞ്ഞു. ജനാധിപത്യത്തിന്റെ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഫലസ്തീന്‍ പാര്‍ലമെന്റംഗം അഹ്്മദ് തിബി കുറ്റപ്പെടുത്തി.

ഇസ്രാഈല്‍ ജനസംഖ്യയില്‍ 20 ശതമാനം ഫലസ്തീനികളാണ്. വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവിലാണ് നിയമം പാസാക്കിയത്. ഇസ്രാഈല്‍ രാഷ്ട്രത്തിന്റെയും സയണിസത്തിന്റെയും ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയമത്തെ വിശേഷിപ്പിച്ചത്. ഭൂരിപക്ഷത്തിന് കൂടുതല്‍ അധികാരങ്ങളുണ്ടെന്നും അവരാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

chandrika: