X

ജിഗ്‌നേഷ് മേവാനിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് മെട്രോപോളിറ്റിയന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എന്നാല്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് മേവാനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ അറസ്റ്റ് വാറണ്ട് പിന്‍വലിക്കുകയായിരുന്നു. ബുധനാഴ്ച മേവാനി കോടതിയില്‍ ഹാജരായിരുന്നു. കേസ് പരിഗണനയ്ക്കുവരുന്ന ഡിസംബര്‍ ഒമ്പതിനു ഹാജരാകുന്നതില്‍നിന്നും മേവാനിയെ കോടതി ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരി 11നാണ് കേസിന്നാസ്പദമായ സംഭവം. രാജധാനി എക്സ്പ്രസ് തടഞ്ഞ് സമരം നടത്തിയ ജിഗ്നേഷ് മെവാനിയെയും അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഗ്നേഷ് അടക്കം 40 പേരാണ് ഈ കേസില്‍ വിചാരണ നേരിടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147 വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനും അനുയായികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. വിശദ വിവരങ്ങളടങ്ങിയ കുറ്റപത്രവും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വാഡ്ഗന്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മേവാനി മത്സരിക്കുന്നത്.

chandrika: