X

‘റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കണം’; സത്യപ്രതിജ്ഞചെയ്യുന്നതിന് മുമ്പേ ജിഗ്നേഷ് പണി തുടങ്ങി

അഹമ്മദാബാദ്: രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയായിരുന്നു ദലിത് പ്രക്ഷോഭ നായകന്‍ വഡ്ഗാമിലെ നിയുക്ത എം.എല്‍.എ ജിഗ്‌നേഷ് മെവാനി. ബാനസ്‌കാന്ത ജില്ലയിലെ വഗ്ഡാം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ മിന്നും വിജയം നേടിയ മെവാനി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ കര്‍ത്തവ്യം ഏറ്റെടുത്ത് വീണ്ടും താരമായിരുക്കുകയാണ്. തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ശ്രദ്ധയില്‍പ്പെട്ട വഡ്ഗാമിലെ റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കുകയെന്ന ഉത്തരവാദിത്തമാണ് ജിഗ്‌നേഷ് ആദ്യമായി ഏറ്റെടുത്തത്.

റോഡു നന്നാക്കണമെന്നാവശ്യപ്പെട്ട് കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് മെമ്മാറാണ്ടം നല്‍കിയിരിക്കുകയാണ് അദ്ദേഹം. ‘വഡ്ഗാം സന്ദര്‍ശന സമയത്ത് അനുഭവിച്ച പ്രശ്നങ്ങളാണ് ഞാന്‍ മെമ്മാറാണ്ടമായി സമര്‍പ്പിച്ചത്. ഒരു സാധാരണ പൗരനെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലുമാണ് ഞാന്‍ ഇത് ചെയ്യുന്നത്.’ അദ്ദേഹം പറഞ്ഞു.

 

15 ദിവസത്തെ സമയമാണ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജിഗ്‌നേഷ് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. വഡ്ഗാമില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മെവാനി. ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഖാഭായിയെയാണ് ഈ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ തറപറ്റിച്ചത്. ചക്രവര്‍ത്തിക്കു നേടാനായത് 63,453 വോട്ടുകള്‍ മാത്രം. 19696 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ മെവാനി പരാജയപ്പെടുത്തിയത്

ഗുജറാത്തിലെ ഉനയില്‍ ദലിതരെ പശുസംരക്ഷണവാദികള്‍ നഗ്‌നരാക്കി കെട്ടിയിട്ടു മര്‍ദിച്ചത് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തുയര്‍ന്നു വന്ന പ്രതിഷേധത്തീയ്ക്കു തുടക്കമിട്ടത് ജിഗ്നേഷിന്റെ നേതൃത്വത്തിലായിരുന്നു. അന്നു രൂപവത്കരിക്കപ്പെട്ട ദലിത് സംഘടനകളുടെ കൂട്ടായ്മയായ ‘ഉനാ ദലിത് അത്യാചാര്‍ ലടത് സമിതി’യുടെ കണ്‍വീനറാണ് ജിഗ്നേഷ്.

ചലോ ഉന, ദലിത് അസ്മിത എന്നീ യാത്രകളിലൂടെ ശ്രദ്ധേയനായ ജിഗ്‌നേഷ്, ഇന്ന് ദലിത് സമൂഹത്തിന്റെ പുതിയ പ്രതീക്ഷ കൂടിയാണ്. നരേന്ദ്ര മോദിയുടെ ജില്ലയായ മേസാനയില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ അഹമ്മദാബാദിലേക്ക് ചേക്കേറി. നിയമബിരുദധാരിയാണ്. കുറച്ചുകാലം പത്രപ്രവര്‍ത്തകനുമായിരുന്നു.

chandrika: