X
    Categories: indiaNews

വരിക്കാര്‍ കൂട്ടത്തോടെ പോര്‍ട്ട് ചെയ്യുന്നു; പരാതിയുമായി ജിയോ

ന്യൂഡല്‍ഹി: വരിക്കാര്‍ കൂട്ടത്തോടെ കണക്ഷന്‍ ഉപേക്ഷിക്കുന്നതില്‍ എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്.

ജിയോയ്‌ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ വരുന്നത്. റിലയന്‍സ് ജിയോ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് ഒരു പരാതിയുമില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്താന്‍ ഏജന്റുമാരേയും റീട്ടെയിലേഴ്‌സിനേയും ജീവനക്കാരേയും നിയോഗിക്കുന്നു.

ജിയോയെ അപമാനിക്കാന്‍ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രചാരണങ്ങള്‍ തങ്ങള്‍ ബഹുദൂരം പിന്നിലാക്കിയ കമ്പനികള്‍ ചെയ്യുന്നതായും ട്രായിക്കുള്ള പരാതിയില്‍ ജിയോ വിശദമാക്കുന്നു. നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള വലിയ രീതിയിലുള്ള ക്യാമ്പയ്‌നാണ് നടക്കുന്നതെന്നും ജിയോ വിശദമാക്കുന്നു.

അതേസമയം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ജിയോക്കെതിരെ ജനരോഷം ശക്തമാണ്. കര്‍ഷകരെ ചൂഷണം ചെയ്യാന്‍ റിലയന്‍സിന് അവസരമൊരുക്കുന്ന കര്‍ഷക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജിയോ ഉപേക്ഷിക്കണമെന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇതിന്റെ ഫലമായാണ് നിരവധിപേര്‍ ജിയോ പോര്‍ട്ട് ചെയ്യുന്നത്. അവസരം മുതലാക്കി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ പ്രകോപിതരായാണ് ജിയോ പരാതിയുമായി ട്രായിക്ക് മുന്നിലെത്തിയിരിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: