X

സ്‌ഫോടനം: പാനമ അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

വല്ലെറ്റ: പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡാഫ്‌നെ ഗലീസിയയെന്ന മാധ്യമപ്രവര്‍ത്തകയൊണ് ദാരുണമായി കൊലപ്പെടുത്തിയത്. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ ഡാഫ്‌നെയുടെ കാറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
വടക്കന്‍ മാള്‍ട്ടയിലെ ബിഡ്‌നിയ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഡാഫ്‌നെ ഗലീസിയയുടെ കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കാര്‍ റോഡില്‍ നിന്ന് സമീപത്തെ വയലിലേക്ക് തെറിച്ചുപോയി. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണിതെന്ന് മാള്‍ട്ട പ്രധാനമന്ത്രി പ്രതികരിച്ചു.


പാനമ രേഖകളുമായി ബന്ധപ്പെട്ട് മാള്‍ട്ടയിലെ പ്രമുഖരുടെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് ഗലീസിയ. 53കാരിയായ ഇവര്‍ തന്റെ ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തിയത്. ഊര്‍ജ്ജ മന്ത്രിയും പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിന്റെ ഭാര്യയുമായ മിഷേലിന് അനധികൃത സ്വത്തുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ഗലീസിയയായിരുന്നു. എന്നാല്‍ ഇക്കാര്യം മസ്‌കാറ്റും ഭാര്യയും തള്ളിയിരുന്നു.


കൊല്ലപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പും പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ലേഖനം അവര്‍ സ്വന്തം ബ്ലോഗിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. തനിക്ക് വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി ഗലീസിയ രണ്ടാഴ്ച മുമ്പ് പൊലീസിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

chandrika: