X

എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചു: പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍

തിരുവനന്തപുരം: ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്ത എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയതിനെതിരെ നിയമസഭയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കായി സമരം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചുവെന്ന് ധനകാര്യബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരെ മര്‍ദിച്ച് അവശരാക്കിയെന്ന് മാത്രമല്ല, കേസെടുക്കുകയും ചെയ്തു. ഇത് നീതി നിഷേധിക്കലാണെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.

ഹയര്‍സെക്കന്ററി മേഖല തകര്‍ച്ചയുടെ വക്കിലാണ്. കുട്ടികളുടെ എണ്ണം കൂടിവരുമ്പോഴും മൂവായിരത്തോളം അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. സ്‌കൂള്‍ തുറക്കാറായ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ സ്ഥിരമായി അധ്യാപകരില്ലാത്തത് പഠനത്തെ മാത്രമല്ല, സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ യജ്ഞം പോലുള്ള പരിപാടികളെയും ബാധിക്കും. മലബാറിലെ പല ജില്ലകളിലും പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമാല്ല. മലപ്പുറം ജില്ലയില്‍ മാത്രം 20,000ത്തോളം സീറ്റിന്റെ കുറവുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം കാണണം. റജിസ്‌ട്രേഷന്‍ രംഗത്ത് ഇ-സ്റ്റാമ്പിംഗ് പ്രാബല്യത്തില്‍ വരുമ്പോള്‍ സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്താതെ അവര്‍ക്ക് ഇ-സ്റ്റാമ്പിംഗ് രംഗത്ത് ആവശ്യമായ പരിശീലനം നല്‍കുകയും അവരെ ഇതിന്റെ ഏജന്‍സിയായി നിലനിര്‍ത്തുകയും വേണം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് പറയുന്ന ധനമന്ത്രി, തന്റെ അവലോകന റിപ്പോര്‍ട്ടില്‍ ധനപ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു നടപടിയും നിര്‍ദേശിക്കുന്നില്ല. 2017-18 ല്‍ കിഫ്ബി വഴി 25,000കോടി രൂപ പണം സമാഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വിഭവങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഈ അവകാശവാദം. പല വകുപ്പുകളും മൂന്നിലൊന്ന് തുക മാത്രമാണ് ചെലവഴിച്ചത്. തദ്ദേശഭരണവകുപ്പില്‍ മാത്രം വര്‍ഷാവസാനം 1690 കോടിയോളം രൂപ ചെലവഴിക്കാത്ത അവസ്ഥയാണ്. ഇത് വകുപ്പിന്റെ വീഴ്ചയാണ്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച 81 കോടി രൂപയില്‍ ജനുവരി അവസാനം വരെ 1.62 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അര്‍ഹരായ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാത്തതിനാലല്ല. സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് കാരണം. പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 32 കോടി സംസ്ഥാനം നീക്കിവെച്ചപ്പോള്‍ മൂന്നിലൊന്ന് തുക മാത്രമാണ് വിതരണം ചെയ്തത്. അതേസമയം, പാവപ്പെട്ട കുട്ടികള്‍ പണില്ലാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2016-17ല്‍ 1,98,085 രൂപയാണ്. കേരളീയന്റെ ശരാശരി കടം 55,614 രൂപയായി. രാജ്യത്തെ ആകെ കടത്തിന്റെ 5.66 ശതമാനം ജനസംഖ്യയില്‍ 2.76 ശതമാനം മാത്രമുള്ള കേരളത്തിന്റേതാണ്. 2020-21 ആകുമ്പോള്‍ കേരളത്തിന്റെ കടം 2.87 ലക്ഷം കോടി രൂപയായി ഉയരും. ഭരണഭാഷ മലയാളമാക്കി ഉത്തരവിറക്കിയിട്ടും അതിന്റെ ഗുണമുണ്ടാകുന്നില്ല. ഭരണവേഗം കൂട്ടാന്‍ നടപ്പാക്കിയ ഇ-ഓഫീസിനോടുള്ള ജീവനക്കാരുടെ എതിര്‍പ്പും സോഫ്റ്റ് വെയര്‍ തകരാറുംകാരണം സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ ഭരണം ഇഴയുകയാണ്. സെക്രട്ടറിയേറ്റില്‍ ഫയല്‍നീക്കം നിലച്ച മട്ടാണ്. ഉത്തരവുകള്‍ ഇറങ്ങുന്നില്ല. സംവിധാനം നടപ്പാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ കെടുകാര്യസ്ഥതയാണ് ഇതിനുകാരണമെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.

chandrika: