X
    Categories: Culture

സമാധാനത്തിനുവേണ്ടി പരമാവധി ശ്രമിക്കും: ട്രംപ്

 

ബെത്ലഹെം: സമാധാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ഫലസ്തീനികളെയും ഇസ്രാഈലികളെയും സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെത്ലഹെമില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
സമാധാനം സാധ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇസ്രാഈല്‍-ഫലസ്തീന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പ്രത്യേക പദ്ധതിയൊന്നും മുന്നോട്ടുവെച്ചില്ല.
അനുരഞ്ജന കരാറുണ്ടാക്കുക എളുമല്ലെന്ന് ട്രംപ് സമ്മതിച്ചു. ഏറ്റവും പ്രയാസകരമായ ഒന്നായിരിക്കും അതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആത്യന്തികമായി നാം അതിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് തനിക്ക് തോന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപ്രധാനമായ കരാറിനുവേണ്ടി ട്രംപുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ഫലസ്തീനികള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അബ്ബാസ് വ്യക്തമാക്കി. ഇസ്രാഈലിന്റെ അധിനിവേശ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധ കുടിയേറ്റവുമാണ് സമാധാനത്തിനുള്ള പ്രധാന തടസമെന്ന് അദ്ദേഹം ട്രംപിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.
അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ട്രംപിന്റെ പ്രസ്താവനയില്‍ ഫലസ്തീനികള്‍ നിരാശരാണെന്ന് പശ്ചിമേഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഫലസ്തീനികളുടെ സ്വയംഭരണാവകാശത്തെക്കുറിച്ചോ ദ്വിരാഷ്ട്ര ഫോര്‍മുലയെക്കുറിച്ചോ ട്രംപിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല. ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന കാര്യത്തില്‍ ട്രംപിന്റെ കാഴ്ചപ്പാടും പദ്ധതിയും എന്താണെന്ന് വ്യക്തമല്ല.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അബ്ബാസിനെ കാണാന്‍ ട്രംപ് ബെത്ലഹെമില്‍ എത്തിയത്. ട്രംപ് ടെല്‍അവീവില്‍ വിമാനം ഇറങ്ങുമ്പോള്‍ ഇസ്രാഈല്‍ ജയിലുകളില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനികള്‍ പൊതു പണിമുടക്ക് നടത്തുകയായിരുന്നു.
പശ്ചിമേഷ്യന്‍ സമാധാനത്തിനുള്ള അസുലഭ മുഹൂര്‍ത്തമെന്ന് ഇസ്രാഈല്‍ സന്ദര്‍ശനത്തെ ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന്റെ കാതലായ ഭാഗങ്ങളെ സ്പര്‍ശിക്കുന്ന വാക്കുകളൊന്നും അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടില്ല.

chandrika: