Culture

സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്; നീക്കം ദളിതനായതു കൊണ്ടെന്ന് ജസ്റ്റിസ് സി.എസ് കര്‍ണന്‍

By chandrika

March 10, 2017

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ ഹാജരാകാതിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണനെതിരെ അറസ്റ്റു വാറണ്ട്. കര്‍ണനെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മാര്‍ച്ച് 31ന് മുമ്പ് കോടതിയുടെ മുന്നിലെത്തിക്കണമെന്ന് കൊല്‍ക്കത്ത പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പരമോന്നത നീതിപീഠത്തിനെതിരെയും ജഡ്ജിമാര്‍ക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിനെത്തുടര്‍ന്നാണ് കര്‍ണനെതിരെ കോടതിയലക്ഷ്യക്കേസ് ചുമത്തിയത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിക്കു മുമ്പാകെ ഇതുവരെയും ജസ്റ്റിസ് കര്‍ണന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ തനിക്കെതിരെയുള്ള അറസ്റ്റു വാറണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു. ഒരു ദളിത് ജഡ്ജിയായതു കൊണ്ട് തന്റെ ജീവിതം തകര്‍ക്കാനുള്ള ഗൂഢ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.