X

കെ-റെയില്‍;73 പ്രദേശങ്ങള്‍ക്ക് പ്രളയ ഭീഷണിയെന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്

ദാവൂദ് മുഹമ്മദ് കണ്ണൂര്‍

സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പാതകടന്നു പോകുന്ന 73 മേഖലകളില്‍ ഗുരുതര പ്രളയ സാധ്യതയുണ്ടെന്ന് പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ 22 മേഖലയില്‍ അതീവ ഗുരുതരവും 51 സ്ഥലങ്ങളില്‍ ഗുരുതരവുമായ പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നത്.

സംസ്ഥാനത്തെ പ്രധാന പുഴകളോടും തോടുകളോടും ചേര്‍ന്ന മേഖലയാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. മഴക്കാലത്ത് നീരൊഴുക്ക് വര്‍ധിക്കുമ്പോള്‍ പുഴയിലൂടെയും തോടിലൂടെയും പടിഞ്ഞാറ് ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ലഘൂകരിക്കാന്‍ പാലങ്ങളുടേയും ചെറുപാലങ്ങളുടേയും എണ്ണം കൂട്ടാനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

പുഴയുടെ ഇരുഭാഗത്തും ഉയര്‍ത്തിക്കെട്ടി പാതനിര്‍മിക്കുന്നതാണ് നീരൊഴുക്ക് കുറയാന്‍ കാരണമാവുന്നതെന്ന് 316 പേജുള്ള സാമൂഹ്യ, പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാതകടന്നു പോകുന്ന പുഴയോരത്തും തോടുകളോട് ചേര്‍ന്നുമാണ് വെള്ളപ്പൊക്ക ഭീഷണി. തെക്കന്‍ ജില്ലകളിലാണ് പ്രളയ സാധ്യത ഏറെയും. ഉദുമ പുഴ, ചാലിയാര്‍, ചന്ദ്രഗിരി തുടങ്ങിയ പ്രധാന പുഴകള്‍ക്ക് പുറമെ മുരിക്കുംപുഴ, കൊളത്തറ, മീനാട്, തോറ്റുവ, എടയത്തൂര്‍, കടുപഴശ്ശി, പന്തല്ലൂര്‍, മറവ്വഞ്ചേരി, തിരുന്നാവായ, കോട്ടച്ചിറ, കോയിപ്പുറം, വടക്കുന്നാഥ പുഴ തുടങ്ങിയ മേഖലകള്‍ അതീവ ഗുരുതര പ്രളയസാധ്യത മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവിടെ പലയിടത്തും പാലമോ ചെറുപാലമോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 112 പാലങ്ങളും മേല്‍പാലങ്ങളും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 529.4 കിലോ മീറ്റര്‍ നീളമുള്ള പാതയുടെ 292.73 കി.മീറ്ററും സമനിരപ്പില്‍ നിന്ന് ഉയര്‍ത്തി കെട്ടിയാണ് നിര്‍മിക്കുന്നത്. 11.53 കി.മീ ടണലും 12.59 കി.മീ പാലവും 88.41 കി.മീറ്റര്‍ മേല്‍പാലങ്ങളുമാണ് വിഭാവനം ചെയ്തത്. എന്നാല്‍ നീരൊഴുക്ക് തടഞ്ഞുള്ള നിര്‍മാണം കനത്ത പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയലും തോടും ഏറെയുള്ള മേഖലകളില്‍ പാലങ്ങളുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശമാണ് പഠനം മുന്നോട്ട് വെക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഘട്ടത്തില്‍ കാലവര്‍ഷം ശക്തമായാല്‍ പ്രളയത്തിന് സാധ്യത ഏറെയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

web desk 3: