X

കെ റെയില്‍: പക്ഷി സങ്കേതങ്ങള്‍ ഇല്ലാതാവും- ആസിഫ് കുന്നത്ത്

കെ റെയിലിനുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചാലും ശാശ്വതവും പരിപൂര്‍ണവുമല്ലാത്ത പദ്ധതികള്‍ക്കായി കടക്കെണിയില്‍ കുടുങ്ങിയ സംസ്ഥാനത്തെ വീണ്ടും ലക്ഷക്കണക്കിന് കോടി രൂപ കൂടി കടത്തില്‍ മുക്കാനേ പദ്ധതി ഉപകരിക്കൂ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജലപാതയുടെ കാര്യം എന്തായി എന്നതിന് മറുപടി പോലും ഇല്ല. നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ പ്രശ്‌നമോ വന്‍ സാമ്പത്തിക ബാധ്യതയോ തരണംചെയ്യാന്‍ കഴിഞ്ഞാലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കും എന്ന് തന്നെയാണ് ഒറ്റനോട്ടത്തില്‍ ഇതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാവുന്നത്. അത് സര്‍ക്കാര്‍ മനസിലാക്കിയതുകൊണ്ട് മാത്രമായിരിക്കും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പുറത്തുവിടാത്തതും സാമൂഹ്യ ആഘാതപഠനം പരിസ്ഥിതി ആഘാത പഠനം തുടങ്ങിയവ നടത്തുന്നതിനുമുമ്പ്തന്നെ സ്ഥലം ഏറ്റെടുക്കലും മറ്റുമായി മുന്നോട്ടുപോകുന്നതും.

അതീവ പരിസ്ഥിതി ലോലപ്രദേശമായ കേരളത്തില്‍ ഇത്തരത്തിലുള്ള വന്‍ പ്രോജക്ടുകള്‍ കൊണ്ടുവരുമ്പോള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും സുപ്രധാനമായ മൂന്ന് പക്ഷിസങ്കേതങ്ങള്‍ പാടെ തകര്‍ത്തുകൊണ്ടാണ് ഈ പ്രോജക്ട് പോകുന്നത്. കടലുണ്ടി, മാടായിപ്പാറ, കൊടുങ്ങല്ലൂര്‍ മൂന്നും പദ്ധതി വരുന്നതോടെ ഇല്ലാതാവും. ദേശാടനക്കിളികള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ആവാസവ്യവസ്ഥ ഇല്ലാതാവുകയും അത് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. ഉത്തര മലബാറിലെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന മാടായിപ്പാറയില്‍ 25 മീറ്റര്‍ വീതിയിലും അത്രതന്നെ ആഴത്തിലുമായി ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരം നെടുക പിളരും. മാടായിപ്പാറയിലെ അപൂര്‍വ ജീവജാലങ്ങളും സസ്യങ്ങളും ധാതുലവണങ്ങളും സുപ്രസിദ്ധമാണ്. മാടായിപ്പാറ ഒന്നും സംഭവിക്കില്ല അവിടെ തുരങ്കപാത ആണ് ഉദ്ദേശിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവിടെ എങ്ങനെ അത് സാധ്യമാകുമെന്ന് കൃത്യമായി പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പരിസ്ഥിതിയുടെ സുസ്ഥിര താളം തെറ്റിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാവും. പാരീസ് കോണ്‍ഫറന്‍സ് നിര്‍ദേശം പാലിക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഒപ്പംതന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന ഐക്യരാഷ്ട്രസഭയുടെ 18 സഹസ്രാബ്ദ ലക്ഷ്യങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്. ജലത്തിന്റെയും ജല സഞ്ചാരത്തെയും മറ്റ് ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും സുസ്ഥിരവും സുരക്ഷിതവുമായ നിലനില്‍പ്പ് പ്രപഞ്ചത്തിലെ ആകെ നിലനില്‍പ്പിന് അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. ഇതൊക്കെ തിരിച്ചറിഞ്ഞത്‌കൊണ്ട് മാത്രമാവാം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സര്‍ക്കാരിനെതിരെ തിരിഞ്ഞു നില്‍ക്കുന്നത്.

അതുപോലെ കെ റെയില്‍ സംബന്ധിച്ച് നടന്ന സംഭവവികാസങ്ങളില്‍ ഏറ്റവും അശ്ലീലമായി തോന്നിയത് മുഖ്യമന്ത്രി നടത്തിവരുന്ന പൗരപ്രമുഖരുമായുള്ള ചര്‍ച്ചകളാണ്. ഇതേതു ജനാധിപത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. സാധാരണ പൗരന്മാരില്‍ നിന്നും എന്തെങ്കിലും പ്രത്യേക അവകാശമുള്ള വിഭാഗമാണോ പൗരപ്രമുഖര്‍? പൗരന്മാരെയും പൗര പ്രമുഖന്‍മാരെയും എങ്ങനെയാണ് ക്ലാസിഫൈഡ് ചെയ്യുന്നത്, ഇത്തരം ക്ലാസിഫിക്കേഷന്‍ നടത്താന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ടോ, ഏതുതരം പ്രത്യയശാസ്ത്രമാണ് ഇത്തരം പൗരപ്രമുഖരെ നിര്‍മ്മിച്ചെടുക്കുന്നതിനെ സാധൂകരിക്കുന്നത്. ഇതിനെല്ലാം കൃത്യമായ ഉത്തരം വരുംനാളുകളില്‍ ജനങ്ങളുടെ മുമ്പില്‍ സര്‍ക്കാരിന് പറയേണ്ടിവരും.

web desk 3: