X

കെ റെയില്‍; നഷ്ടക്കണക്കുകള്‍ അതിഭീകരം

പി.എ അബ്ദുല്‍ഹയ്യ്

ജന ജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയിലാണ് മലപ്പുറം ജില്ലയിലൂടെ കെ. റയില്‍ പദ്ധതി കടന്നു പോകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല എന്ന നിലക്ക് അതിന്റെ നഷ്ടക്കണക്കും അതിഭീകരമായിരിക്കും. നിലവിലെ അലൈന്‍മെന്റ് പ്രകാരം 55 കിലോ മീറ്റര്‍ നീളത്തിലാണ് മലപ്പുറം ജില്ലയിലെ സില്‍വര്‍ പാത. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി 109.94 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് ഇതു സംബന്ധിച്ച് അവസാനമായി പുറത്തിറങ്ങിയ 6 എ വിജ്ഞാപനത്തില്‍ പറയുന്നത്. പൊന്നാനി താലൂക്കിലെ ആലങ്കോട്, കാലടി, തവന്നൂര്‍, വട്ടംകുളം പ്രദേശങ്ങളും തീരൂരങ്ങാടി താലൂക്കില്‍ അരിയല്ലൂര്‍, നെടുവ, വള്ളിക്കുന്ന് ഭാഗങ്ങളും തിരൂര്‍ താലൂക്കില്‍ നിറമരുതൂര്‍, പരിയാപുരം, താനാളൂര്‍, താനൂര്‍, തലക്കാട്, തിരുനാവായ, തിരൂര്‍, തൃക്കണ്ടിയൂര്‍ മേഖലയും ഈ വികസന പദ്ധതിക്കിരയാവും.

ചങ്ങരംകുളം – എടപ്പാള്‍ വഴി മലപ്പുറം ജില്ലയിലെത്തുന്ന സില്‍വര്‍ പാത കടലുണ്ടി വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. മലപ്പുറം ജില്ലയില്‍ ഏറിയ പങ്കും റയില്‍വെ ലൈനിനു സമാനമായി പോകുന്നുവെന്നാണ് പ്രഥമ അലൈമെന്റില്‍ വ്യക്തമാക്കുന്നത്. റെയില്‍വെക്ക് സമാന്തരമായാണ് പാത കടന്നു പോകുന്നതെന്ന് കെ. റെയില്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച സ്ഥിരീകരണം റെയില്‍വെയുടെ ഭാഗത്ത് നിന്നില്ല. ഭാവി വികസന പദ്ധതികളുള്ളതിനാല്‍ സില്‍വര്‍ ലൈനിനു സ്ഥലം വിട്ടു നല്‍കാനാവില്ലെന്നാണ് റെയില്‍വെ വിഭാഗം പറയുന്നത്. അങ്ങിനെ വന്നാല്‍ കൂടുതല്‍ ഭൂമി മറ്റു ഭാഗങ്ങളില്‍ നിന്നും ഏറ്റെടുക്കേണ്ടി വരും.

പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 3000 ത്തിലധികം വീടുകള്‍ പദ്ധതിക്കു വേണ്ടി പൊളിച്ചു നീക്കേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. അത്രതന്നെ കെട്ടിടങ്ങളും ഓര്‍മയാകും. അമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 25 ഓളം പള്ളികള്‍, 20 ഓളം ക്ഷേത്രങ്ങള്‍, ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍, കാര്‍ഷിക, കുടിവെള്ള പദ്ധതികള്‍, നിരവധി ജലാശയങ്ങള്‍ എല്ലാം തന്നെ ഓര്‍മയിലേക്ക് മറയും. തിരൂര്‍ നഗരസഭയില്‍ നിലവിലെ റെയില്‍വെ ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്തു കൂടിയാണ് പുതിയ ട്രാക്ക് കടന്നു പോകുന്നത്. തുമറക്കാവ് അമ്പലം, ആനപ്പടി പള്ളി, വഞ്ചിക്കടവ് പള്ളി, തീരുര്‍ ടൗണ്‍ പള്ളി, റെയില്‍വേ മുത്തൂര്‍ പള്ളി എന്നിവയെല്ലാം വികസനത്തിനു വേണ്ടി വിട്ടു കൊടുക്കേണ്ടി വരും. നഗരസഭ പുതുതായി പണിയുന്ന പകല്‍ കേന്ദ്രം, റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള കോടതി സമുച്ചയം, പൊലീസ് സ്റ്റേഷന്‍, വില്ലജ് ഓഫീസ്, ഫയര്‍ സ്റ്റേഷന്‍, വിവിധ വാര്‍ഡുകളിലായി 200- 300 നും ഇടയില്‍ വീടുകള്‍, കൃഷി സ്ഥലങ്ങള്‍, തണ്ണീര്‍ തടങ്ങള്‍, എല്ലാം വികസനത്തിന്റെ ഭാഗമായി ഇല്ലാതെയാവും. താനൂര്‍ നഗരസഭയില്‍ പൂരപ്പുഴ മുതല്‍ പാരക്കുറ്റിയായി തോട് വരെയാണ് പാത കടന്നുപോകുന്നത്. ഈപ്രദേശങ്ങളില്‍ 350 വീട്, ഒരു സ്‌കൂള്‍, രജിസ്ട്രാര്‍ ഓഫീസ്, മൂന്ന് കുടുംബ ക്ഷേത്രങ്ങള്‍ എന്നിവ നഷ്ടമാകും. പരപ്പനങ്ങാടിയില്‍ 259 ഓളം വീടുകളാണ് പദ്ധതിയുടെ ഭാഗമായി നഷ്ടമാകുന്നത്. ഇരുനൂറിലധികം കെട്ടിടങ്ങള്‍ തകര്‍ത്താവും കെ-റെയില്‍ കടന്നു പോകുക. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നഷ്ടമാകും. വട്ടകുളം, ആലങ്കോട്, തിരുന്നാവായ പഞ്ചായത്തുകളിലുള്ളവരും വലിയ നഷ്ടം സഹിക്കേണ്ടി വരും. പ്രശസ്തമായ തിരുനാവായയിലെ 200 ഏക്കര്‍ താമര കൃഷിയും 400 ഏക്കര്‍ നെല്‍കൃഷിയും ഇല്ലാതെയാക്കും. താനാളൂരില്‍ 307 വീടുകള്‍ കുടിയിറക്കപ്പെടും. 3 പള്ളികള്‍, രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും പദ്ധതി കൊണ്ടു പോകും. കാലിക്കറ്റ് എയര്‍പോര്‍ട്ട്, നാഷണല്‍ ഹൈവെ, ഗെയില്‍ പദ്ധതികള്‍ക്കു വേണ്ടി സ്ഥലം വിട്ടു നില്‍കിയ ജില്ലക്ക് മീതെ കെ. റെയില്‍ വട്ടമിട്ടു പറക്കുമ്പോള്‍ ഭീതിയുടെ കരിനിഴല്‍ മാറ്റാനുള്ള ഒരുക്കത്തിലാണ് ജനം.

വലിയ ആഘാതമുണ്ടാക്കും:പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ക്ക് പ്രയാസമാകാത്ത തരത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാവും. എന്നാല്‍ കെ-റെയില്‍ പദ്ധതി നിലവിലെ പ്ലാനില്‍ നടപ്പാക്കിയാല്‍ പരിസ്ഥിതിക്കും, ജനങ്ങള്‍ക്കും വലിയ ആഘാതമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിയുടെ സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്താതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അത് കൊണ്ട് ഒരു തരത്തിലും അതിനെ അനുകൂലിക്കില്ല. സര്‍ക്കാര്‍ നിരുത്തരവാദ നിലാപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടാവും.

കേരളത്തിന് അനുയോജ്യമല്ല: കെ.പി.എ മജീദ്

കെ റയില്‍ പദ്ധതി കോരളത്തിന് അനുയോജ്യമല്ല. മതില്‍ കെട്ടി കേരളത്തെ വിഭജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് അറിവ്. വലിയ കടബാധ്യതയിലാണ് ഇപ്പോള്‍ തന്നെ സംസ്ഥാനം. അതിന്റെ കൂടെ കോടികള്‍ വായ്പ എടുത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി ഭാവിയിലും വലിയ ബാധ്യത സൃഷ്ടിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഇത് വരെയും പാരിസ്ഥിതിക പഠനങ്ങളൊന്നും നടത്തിയിട്ടില്ല. ജനങ്ങള്‍ക്ക് ഉപകാരത്തേക്കാള്‍ ഏറെ ഉപദ്രവമുള്ള ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.

സാമ്പത്തിക നേട്ടമില്ല:വി.ടി ബല്‍റാം

കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കും. വലിയ കടക്കെണിയിലേക്കാണ് ഈ പദ്ധതി കേരളത്തെ കൊണ്ടുപോകുന്നത്. കേരളത്തിലെ എല്ലാ ക്ഷേമപദ്ധതികളും ഇതോടെ ഇല്ലാതാകും. പാരിസ്ഥിതിക ദുരന്തങ്ങളുടെ നാടായി കേരളം മാറും. പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങളും ഫീസിബിലിറ്റിയും കൃത്യമായി പഠിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭൂമി ഏറ്റെടുക്കലും ആരംഭിക്കുന്നത് ശരിയായ നിലപാടല്ല.

 

web desk 3: