X

നാല്‍പാടി വാസു വധക്കേസ്: മുഖ്യമന്ത്രി കള്ള് കുടിച്ചവനെ പോലെ പുലമ്പുന്നുവെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: സി.പി.എം ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചുള്ള എണ്ണം പറയാനാകില്ലെന്ന് കെ.സുധാകരന്‍. സി.പി.എം അക്രമത്തില്‍ കയ്യും കാലും നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്നും സുധാകരന്‍ പറഞ്ഞു. നാല്‍പാടി വാസു വധത്തെ കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. തെരുവില്‍ കള്ളുകുടിച്ചവന്‍ പറയുന്നത് പോലെയാണ് മുഖ്യമന്ത്രി പുലമ്പുന്നത്. അന്തസും മാന്യതയുമില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് നിയമ സഭയുടെ അന്തസിന് ചേരുന്നതല്ല. യാഥാര്‍ത്ഥ്യം മനസിലാക്കി മുഖ്യമന്ത്രി പ്രതികരിക്കണം. കേസുമായി ബന്ധപ്പെട്ട് എന്നെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല. പൊലീസ് സ്‌റ്റെയിറ്റ്‌മെന്റില്‍ എവിടെയും തന്റെ പേരില്ല. എവിടെയെങ്കിലും കെ.സുധാകരന്റെ പേര് തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചാല്‍ പറയുന്ന പണിയെടുക്കും. നിയമ സഭയിലെ ആരോപണം പിന്‍വലിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

എന്നെ ക്രിമിനലെന്ന് പറയുന്നവര്‍ എന്നെയും പിണറായി വിജയനെയും വിലയിരുത്തണം. ഇ.പി ജയരാജന് ഒരു വെടിയും കൊണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശരീരത്തിനകത്ത് ഒരു ഉണ്ടയുമില്ല. വെടികൊണ്ടെന്ന് തെളിയിക്കാന്‍ ജയരാജന്‍ തയ്യാറാകണം. ഉണ്ടയുണ്ടോയെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിയിക്കാന്‍ ജയരാജന്‍ തയ്യാറാകുമോയെന്നും സുധാകരന്‍ ചോദിച്ചു.

ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം വന്നാല്‍ ഉന്നതര്‍ കുടുങ്ങും. പ്രതികളുമായി പി.ജയരാജന് അടുത്ത ബന്ധമാണ്. സമരത്തിലൂടെ നാടിന്റെ മനസുണര്‍ത്താനായി. ഇവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. ആരോപണങ്ങള്‍ വസ്തുതാപരമായിരിക്കണം. തന്നെ കുറിച്ച് പറഞ്ഞത് ചേരുന്നത് പിണറായി വിജയനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കണ്ടെത്തിയ വാളിനെ കുറിച്ചും സുധാകരന്‍ സംശയം പ്രകടിപ്പിച്ചു. പൊലീസ് കണ്ടെടുത്ത ആയുധങ്ങളെ കുറിച്ച് സൂക്ഷ്മമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: