X

മരണം വരെ വോട്ടുചെയ്യുമെന്ന് കേ.സുരേന്ദ്രനോട് അഹ്മദ് കുഞ്ഞി

മഞ്ചേശ്വരം: നിയമസഭാതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വന്‍തിരിച്ചടി. കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കയ്യോടെ സ്വീകരിക്കുകയായിരുന്നു. മരിച്ചതിന് ശേഷം വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച കേസില്‍ കാസര്‍കോഡ് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്മദ് കുഞ്ഞിയാണ് സമന്‍സ് കൈപ്പറ്റിയത്. ഈ വാര്‍ത്ത മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്.

അഹ്മദ് കുഞ്ഞിയോട് ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഹ്മ്ദ് കുഞ്ഞിയെക്കൂടാതെ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ വാദിച്ച അനസിനും സമന്‍സ് കിട്ടിയിട്ടുണ്ട്. ഇതേ നാട്ടുകാരനായ അനസ് ഇതുവരെ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ പേരു വന്ന കാലംമുതല്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയതാണെന്നും മരണം വരെ വോട്ട് ചെയ്യുമെന്നും അഹ്മദ് കുഞ്ഞി സുരേന്ദ്രനുള്ള മറുപടിയായി പറഞ്ഞു.

മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. മരിച്ചവരും വിദേശത്തുള്ളവരും വോട്ട് ചെയ്‌തെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.

chandrika: