X

ഒതുക്കല്‍ മറികടന്ന് കെ. സുരേന്ദ്രന്‍ ബി.ജെ.പി ദേശീയ സെക്രട്ടറി പദവിയിലേക്ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രമുഖ നേതാക്കളെ തഴയുന്നതായി കുമ്മനത്തിനെതിരെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ദേശീയനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പിന്നാക്ക സമുദായാംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടി നീക്കം ആരംഭിച്ചത്.

ബി.ജെ.പിയിലെ മുന്‍നിര നേതാക്കളെ ഒ.ബി.സി മോര്‍ച്ചയിലേക്കും എസ്.സി മോര്‍ച്ചയിലേക്കും മാറ്റുകയും ആര്‍.എസ്.എസ് തലപ്പത്തെ സവര്‍ണരെ പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ എത്തിക്കുകയും ചെയ്‌തെന്നാണ് കുമ്മനത്തിനെതിരായ പരാതി. ഇതുമൂലം സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ മുന്നൂറോളം നേതാക്കള്‍ പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്. ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുരേന്ദ്രനെ ദേശീയനേതൃത്വത്തിലേക്ക് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

പാര്‍ട്ടിയെ പൂര്‍ണമായി സവര്‍ണരുടെ വരുതിയിലാക്കുന്നതിനുളള ശ്രമങ്ങളാണ് കുമ്മനം നടത്തിവരുന്നതെന്നും ഇത് കേരളത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്. കുമ്മനം സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പ് ജില്ലാ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ഒ.ബി.സി മോര്‍ച്ചയുടെ മണ്ഡലം നേതാക്കളായി തരംതാഴ്ത്തപ്പെട്ടു. ഇവരില്‍ അധികവും ഈഴവ സമുദായാംഗങ്ങളാണ്. ചെറിയൊരു വിഭാഗം ബി.ഡി.ജെ.എസിലേക്ക് ചേക്കേറുകയും ചെയ്തു.

സംസ്ഥാനതലത്തില്‍ പോലും പിന്നാക്ക ജാതിക്കാരെ തഴയുകയാണെന്ന് നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. നിലവില്‍ സുരേന്ദ്രന്‍ ഉള്‍പെടെയുളള നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ റോളില്ല. വി. മുരളീധരന്‍ പ്രസിഡന്റായ ശേഷം സംസ്ഥാന ബി.ജെ.പിയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട മുന്‍ പ്രസിഡന്റ് ഇപ്പോള്‍ വേദികളില്‍ സജീവമാണ്. കുമ്മനത്തിന്റെ ഇഷ്ടക്കാരനായ ഇദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം. ജില്ലാ കമ്മിറ്റികളുടെ തലപ്പത്തും നായര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സജീവ അംഗങ്ങളാക്കാവൂ എന്ന പാര്‍ട്ടി ഭരണഘടന മറികടന്നുപോലും ആര്‍.എസ്.എസുകാര്‍ക്ക് കുമ്മനം പാര്‍ട്ടി പ്രവേശനം നല്‍കുന്നതായി നേതാക്കള്‍ പരാതിപ്പെടുന്നു.

chandrika: