X

കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം കണ്ണത്തുപാറ വി.ഐ.പി കോളനിയിലെ ഒഴുക്കപ്പറമ്പില്‍ അബ്ദുല്‍ ഗഫൂറിന്റെ മകളും കണ്ണമംഗലം മുട്ടുംപുറം ഉള്ളാട്ടുപറമ്പില്‍ ഷമീറിന്റെ ഭാര്യയുമായ ഫാത്തിമ ഫായിസ (29), മകള്‍ ദിയ ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫായിസയുടെ സഹോദരി ഷംനയും മൂത്ത മകള്‍ ദില്‍നയും രക്ഷപ്പെട്ടു. അപകടസമയത്ത് സ്ഥലത്തെത്തിയ കിഴക്കേപറമ്പത്ത് ഖമറുദ്ദീനാണ് ഇവരെ രണ്ടുപേരെയും രക്ഷിച്ചത്. ഇന്നലെ രാവിലെ 11.45 -ഓടെ നൂറാടി പാലത്തിന് സമീപത്തെ സ്റ്റെപ്പ് കടവിലാണ് അപകടം. ഇവരുടെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് കടവ്. സഹോദരിയേയും മക്കളെയും കൊണ്ട് കുളിക്കാനിറങ്ങിയതാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഈ സമയത്ത് ആരും തന്നെ കടവിലില്ലാത്തതിനാല്‍ അപകടം എങ്ങിനെയെന്നു വ്യക്തമല്ല.മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഷംനയെയും ദില്‍നയെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രണ്ടുദിവസം മുമ്പാണ് ഫായിസയും മക്കളും സ്വന്തം വീട്ടിലേക്ക് വിരുന്നെത്തിയത്. ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് ഷമീര്‍ ഗള്‍ഫിലേക്ക് പോയത്. സഊദിയിലുള്ള ഷമീര്‍ ഇന്നു രാവിലെ എത്തിയ ശേഷമായിരിക്കും മൃതദേഹ പരിശോധനയും ഖബറടക്കവും നടക്കുക. സുഹറയാണ് ഫാത്തിമ ഫായിസയുടെ മാതാവ്. മുഹമ്മദ് ഷഹീം, മുഹമ്മദ് ഫഹീം സഹോദരങ്ങളാണ്. ചേറൂര്‍ പൂക്കോയ തങ്ങള്‍ യതീംഖാന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ദിയ ഫാത്തിമ.
പതിവുപോലെ അങ്ങാടിയില്‍നിന്നും മടങ്ങുമ്പോഴാണ് കടലുണ്ടിപുഴയോരത്ത് നിന്ന് നേര്‍ത്ത കരച്ചില്‍ കേട്ടത്. എവിടെയും ആളെ കാണാതെ വന്നപ്പോള്‍ കടവിലേക്കിറങ്ങി ചെന്നു. അപ്പോഴാണ് ഒരുകുട്ടി വെള്ളത്തിലേക്ക് താഴ്ന്നു പോകുന്നതു ശ്രദ്ധയില്‍പെട്ടത്. താഴ്ന്ന് താഴ്ന്ന് അവസാനം അവളുടെ മുടിക്കെട്ടു മാത്രമായി. പിന്നെ ഒന്നും നോക്കാതെ പുഴയിലേക്കെടുത്തു ചാടി. അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ദില്‍നയായിരുന്നു അത്. അവളെ എടുത്തു പൊക്കുന്നതിനിടയില്‍ എന്തോ കാലില്‍ തട്ടി. ദില്‍നയെ കരക്കെത്തിച്ച് വീണ്ടും പുഴയിലേക്കൂളിയിട്ടു. ഒരു സ്ത്രീയാണ്. പറ്റാവുന്ന ശക്തിയുപയോഗിച്ച് അവരെയും വലിച്ച് കരക്കെത്തിച്ചു.
രക്ഷപ്പെട്ടവരില്‍ മറ്റൊരാള്‍ ഷംനയായിരുന്നു. വെള്ളം കുടിച്ച് മരണത്തോട് മല്ലിടുകയാണ്. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനിടക്കാണ് ദില്‍ന പറഞ്ഞത് എന്റെ ഉമ്മയെ കൂടി രക്ഷപ്പെടുത്തൂവെന്ന്. അപ്പോഴേക്കും സമീപത്ത് പശുവിനു പുല്ലരിഞ്ഞിരുന്ന നാട്ടുകാരനായ സുഹൃത്തുമെത്തി. രണ്ടുപേരും വെള്ളത്തിലേക്കെടുത്തു ചാടി. ആദ്യം കിട്ടിയത് മരണപ്പെട്ട ദിയ ഫാത്തിമയെയാണ്. രണ്ടു പേരും ചേര്‍ന്ന് കരക്കെത്തിച്ചു അപ്പോഴേക്കും അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കോടി.
വീണ്ടും പുഴയിലേക്കെടുത്തു ചാടി. മിനുട്ടുകള്‍ നീണ്ട തിരച്ചിലില്‍ മാതാവ് ഫായിസയേയും കിട്ടി. ജീവന്റെ തുടിപ്പെവിടെയെങ്കിലും ഉണ്ടോയെന്നു പരിശോധിച്ചു. മരണമുറപ്പിച്ചെങ്കിലും വേഗം ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞു. രണ്ടു പേരെ ജീവിതത്തിന്റെ കരക്കടുപ്പിച്ചെങ്കിലും മറ്റു രണ്ടു പേര്‍ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെക്കുമ്പോള്‍ ഖമറുദ്ദീന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ മരണവാര്‍ത്ത പരക്കുമ്പോഴും ഖമറുദ്ദീന്റെ ഇടപെടലില്‍ ആശ്വാസത്തിന്റെ തെളിനീര് പരക്കുന്നുണ്ട്. മരണപ്പെട്ട ഫായിസയുടെ അയല്‍വാസിയാണ് ഖമറുദ്ദീന്‍. കടലുണ്ടിപ്പുഴയുമായി വളരെ അടുത്തിടപഴകുന്ന ഖമറുദ്ദീന്‍ പലഘട്ടങ്ങളില്‍ രക്ഷകനായെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നൂറാടി കടവില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഈ നാലുപേരെയും രക്ഷപ്പെടുത്തിയത് ഖമറുദ്ദീന്‍ ആയിരുന്നു. ഇത്തരത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയതിന്റെ കഥ ഖമറുദ്ദീന്‍ പറയുമ്പോഴും ഫായിസയും ദിയയും ഉള്ളിലൊരു നീറ്റലായുണ്ടാവും. 24 മണിക്കൂറിനിടയില്‍ മൂന്നു മരണങ്ങളാണ് കടലുണ്ടിപ്പുഴയിലുണ്ടായത്. കോങ്കയം പള്ളിക്കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ദര്‍സ് വിദ്യാര്‍ഥി ടി.എം മുഹമ്മദ് ഷമീം മരണപ്പെട്ടത് വ്യാഴാഴ്ചയാണ്. അടുപ്പിച്ച് പുഴയിലുണ്ടായ മൂന്ന് മരണങ്ങളുടെ ഞെട്ടലിലാണ് നാടും നഗരവും.

 

Chandrika Web: