Culture

മണിയുടെ ദുരൂഹ മരണം: സിബിഐ തന്നെ അന്വേഷിക്കണമെന്ന് കോടതി

By chandrika

April 12, 2017

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന സിബിഐ ഹൈക്കോടതിയില്‍ നിലപാടറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കരള്‍രോഗമായിരുന്നു മണിയുടെ മരണകാരണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഒരുമാസത്തിനുള്ളില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐക്ക കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.

അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുക്കാനാവില്ല എന്ന നിലപാടിലായിരുന്നു സിബിഐ. തുടര്‍ന്ന 2017 ഏപ്രില്‍ ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കലാഭവന്‍മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും പിന്നാലെ ഹൈക്കോടതി ഉത്തരവ് എത്തുന്നത്.

2016 മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ സൗകാര്യ ആസ്പത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തെ ഔട്ട് ഹൗസായിരുന്ന ‘പാടി’യില്‍ അബോധാവസ്ഥയുല്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.