X

കലക്കന്‍ പാട്ട്-പ്രതിഛായ

‘കലക്കാത്ത സന്ദനമര വെഗുവാക പൂത്തിറിക്കോ, പൂപറിക്കാ പോകിലാമോ വിമേനാത്ത പാക്കിലാമോ…’ എന്നു തുടങ്ങുന്ന സിനിമാഗാനം പാടിയ മലയാളിയായ നഞ്ചിയമ്മയെയാണ് 2020ലെ മികച്ച സിനിമാഗാനത്തിനുള്ള ഇന്ത്യയുടെ പരമോന്നത അവാര്‍ഡ് തേടിയെത്തിയിരിക്കുന്നത്. ആ വര്‍ഷം പുറത്തിറങ്ങിയ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം ഇതിനകം ഒരു കോടിയിലധികം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടിരിക്കുന്നത്. ഈ കലക്കന്‍ പാട്ടിന്റെ രചയിതാവും ഗായികയും നഞ്ചിയമ്മ എന്ന ആദിവാസി ഗോത്ര വനിതയാണെന്നതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. ഈ അറുപത്തി രണ്ടുകാരിയെ അഭിനന്ദനങ്ങള്‍കൊണ്ട് രാജ്യവും സംഗീത പ്രേമികളാകെയും വളയുമ്പോള്‍ അതില്‍ അരിശംപൂണ്ടവരുമുണ്ട് എന്നതാണ് കാലത്തിന്റെ വൈരുദ്ധ്യം. ക്ലാസിക്കല്‍ സംഗീതം പഠിച്ചിട്ടില്ല, പിച്ച് നല്‍കിയാല്‍ അതിനൊത്ത് പാടാനറിയില്ല തുടങ്ങിയ ആരോപണങ്ങളാണ് ഈ പാട്ടുകാരിക്കെതിരെ സംഗീതജ്ഞരെന്നു പറയുന്ന ചിലര്‍ ഉന്നയിക്കുന്ന ആക്ഷേപശരങ്ങള്‍. എന്നാല്‍ ദേശീയ അവാര്‍ഡ് ജേതാവും തമിഴിലെ ഒന്നാം നമ്പര്‍ ഗായകനുമായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തെപോലുള്ളവരും ക്ലാസിക്കല്‍ സംഗീതം പരിശീലിച്ചിട്ടല്ല സിനാമാഗാനരംഗത്തേക്ക് വന്നിട്ടുള്ളത്.

ആദിവാസികളല്ലാത്തവരെ കണ്ടാല്‍ തനിക്ക് പേടിയാണെന്ന് പറയുന്ന നഞ്ചിയമ്മയുടെ വാസം പാലക്കാട് ജില്ലയിലെ അട്ടപ്പാടി നക്കുപ്പതി ഊരിലാണ്. കൃഷിയും ആടുമേക്കലുമാണ് പ്രധാന ജോലി. ഇതിനിടെ സ്വതസിദ്ധമായുള്ള പാട്ടെഴുത്തും പാടലും പഴനിസ്വാമി എന്ന യുവാവിലൂടെ നഞ്ചിയമ്മയെ സിനാമാലോകത്തേക്കും അതുവഴി പ്രശസ്തിയിലേക്കും ദേശീയ പുരസ്‌കാരത്തിലേക്കും എത്തിക്കുകയായിരുന്നു. പഴനിസ്വാമിയുടെ ആദിവാസി ഗാനട്രൂപ്പില്‍ അംഗമാണ് നഞ്ചിയമ്മ. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് സച്ചി അട്ടപ്പാടിയിലെത്തുകയും അവിടെവെച്ച് പഴനിസ്വാമിയെ അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തതാണ് നഞ്ചിയമ്മയുടെ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കലക്കാത്ത, ദൈവമകളേ തുടങ്ങി ഏതാനും ഗാനങ്ങള്‍ നഞ്ചിയമ്മയെഴുതിയിട്ടുണ്ട്. ഇരുള വിഭാഗക്കാരിയായ ഇവര്‍ അവരുടെ സ്വന്തം ഭാഷയിലാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നതും പാടുന്നതും. ഏതായാലും ഇത്തവണത്തെ ദേശീയ അവാര്‍ഡ് വാങ്ങുമ്പോള്‍ അത് തരുന്നത് രാജ്യത്തിന്റെ പ്രഥമ ആദിവാസി രാഷ്ട്രപതിയാണെന്നതാണ് ഇതിലെ കൗതുകരമായ കാര്യം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ ആദിവാസി വനിത.

നഞ്ചിയമ്മയുടെ സംഗീതം യഥാര്‍ഥ സംഗീതമല്ലെന്നും പുരസ്‌കാരത്തില്‍ രാഷ്ട്രീയമാണെന്നും പറയുന്നവര്‍ 1968ല്‍ പുരസ്‌കാരം ആരംഭിച്ചതുമുതലുള്ള ലതാമങ്കേഷ്‌കര്‍, ആശാഭോസ്‌ലേ, അല്‍കയാഗ്നിക്, യേശുദാസ്, എസ്.പി.ബി, കെ.എസ് ചിത്ര തുടങ്ങിയ നിരവധി പേരുടെ അവാര്‍ഡുകളെയൊന്നും വിമര്‍ശിച്ചിട്ടില്ലെന്നതാണ് രസകരമായ കാര്യം. എന്തുകൊണ്ട് നഞ്ചിയമ്മയെ ഇങ്ങനെ വേട്ടയാടുന്നുവെന്നതിനുത്തരം സംഗീതത്തെ ഇന്നും നാലുകെട്ടുകള്‍ക്കുള്ളിലെ വരേണ്യരുടെമാത്രം സ്വത്തായി കൊണ്ടുനടക്കാനാഗ്രഹിക്കുന്നവരാണിതിന് പിന്നിലെന്നതാണ്. ഇരുള ഭാഷയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി മുംബൈയിലും ഡല്‍ഹിയിലുമൊക്കെ നഞ്ചിയമ്മ യാത്രചെയ്തിട്ടുണ്ട്. എങ്കിലും താന്‍ പാടി അഭിനയിച്ച സിനിമയേതെന്നോ അതിലെ മുഖ്യവേഷങ്ങള്‍ അഭിനയിച്ച പൃഥിരാജ്, ബിജുമേനോന്‍ എന്നിവരെയോ ഒന്നും നഞ്ചിയമ്മക്ക് അറിയില്ല. പ്രശസ്തിയുടെ കൊടുമുടി തൊടുമ്പോഴും അട്ടപ്പാടിയിലെ മല്ലീശ്വരന്‍മുടിയെ ശരണമാക്കുകയാണ് ഈ ആദിവാസി കലാകാരി. 2013ല്‍ മരണമടഞ്ഞ നഞ്ചപ്പനാണ് ഭര്‍ത്താവ്. മൂന്നു പെണ്‍മക്കളുള്‍പ്പെടെ ആറു മക്കളുണ്ട്.

web desk 3: