X

ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി കലോത്സവവേദിക്കു മുന്നിലൂടെ വിലാപയാത്ര

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് കണ്ണൂരിലെ കലോത്സവനഗരിക്കു മുന്നിലൂടെ വിലാപയാത്ര നടത്താന്‍ ബിജെപിക്ക് അനുമതി. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മൃതദേഹത്തെ അനുഗമിച്ച് അഞ്ചു നേതാക്കളുടെ വാഹനത്തിന് കലോത്സവനഗരിക്കു മുന്നിലൂടെ കടന്നുപോകാനാകും. എന്നാല്‍ പ്രവര്‍ത്തകരെ ഇതിലൂടെ കടത്തിവിടില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സംഘര്‍ഷാവസ്ഥയുണ്ടാക്കില്ലെന്ന ബിജെപി നേതാക്കളുടെ ഉറപ്പിനെത്തുടര്‍ന്നാണ് വിലാപയാത്രക്ക് അനുമതി നല്‍കിയത്.

നേരത്തെ കലോത്സവത്തിന്റെ പ്രധാന വേദിയുടെ മുന്നിലൂടെ വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകണമെന്ന ബിജെപിയുടെ ആവശ്യം പൊലീസ് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കണ്ണൂര്‍ ടൗണിലും വടകരയിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രധാനവേദിയുടെ മുന്‍ഭാഗം ഒഴിവാക്കി മൃതദേഹം പഴയ ബസ് സ്റ്റാന്റ് പരിസരത്തേക്ക് എത്തിക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ച് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. എന്നാല്‍ കലോത്സവ നഗരിക്കു മുന്നിലൂടെ വിലാപയാത്രക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ വീണ്ടും രംഗത്തുവന്നതോടെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു.

chandrika: