X
    Categories: CultureMoreNewsViews

മധ്യപ്രദേശില്‍ കമല്‍നാഥ്; രാജസ്ഥാന്‍, മധ്യപ്രദേശ് ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയെ പിഴുതെറിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിലേക്ക്. മുന്‍കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനുമാണ് സാധ്യത.
ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗമാണ് കമല്‍നാഥിന്റെ പേര് നിര്‍ദേശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിന്റെ പേര് നിര്‍ദേശിച്ചത്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ കോണ്‍ഗ്രസ്സിനെ ക്ഷണിച്ചിരുന്നു. അതിനിടെ ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ രാജി സമര്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായി നാലാംതവണയും അധികാരത്തില്‍ എത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് മധ്യപ്രദേശില്‍ തടയിട്ടത് പിസിസി അധ്യക്ഷനായ കമല്‍നാഥിന്റെ തന്ത്രങ്ങളാണ്. മധ്യപ്രദേശില്‍ തളര്‍ന്നു പോയ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് കമല്‍നാഥിന്റെ പരിശ്രമങ്ങളാണ്. മറ്റുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായിരുന്ന സീറ്റ് വിഭജനം ഏറെക്കുറെ പരാതികളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കമല്‍നാഥിന് സാധിച്ചിരുന്നു. ജനവികാരം മനസ്സിലാക്കാന്‍ സംസ്ഥാനത്തുടനീളം സര്‍വേകള്‍ നടത്തിയ കമല്‍നാഥിന് കര്‍ഷകര്‍ക്കും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെറുകിയ വ്യാപാരികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട സര്‍ക്കാര്‍ വിരുദ്ധത വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞു.
രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനെയും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാത്തതാണ് ഗലോട്ടിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. റിബല്‍ സ്ഥാനാര്‍ത്ഥികളായി ജയിച്ചവര്‍ ഗലോട്ടിനായി മുറവിളി ഉയര്‍ത്തിക്കഴിഞ്ഞു. യുവത്വവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമാണ് പൈലറ്റിന് അനുകൂലമായ ഘടകം. ബിഎസ്പി അംഗങ്ങളും പൈലറ്റിനെ അനുകൂലിക്കുന്നു. എംഎല്‍എമാരുമായി ഐഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍, റ്റി.എസ് സിംഗ് ദിയോ, താമര്‍ധ്വജ് സാഹു, താമര്‍ധ്വജ് സാഹു, ചരണ്‍ദാസ് മഹന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. ഹൈക്കമാന്റ് തന്നെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. തെലങ്കാനയില്‍ ടിആര്‍എസ് നേതാവ് രാമചന്ദ്ര റാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: