X
    Categories: indiaNews

ശിവസേനയുമായുള്ള പോരിനിടെ കങ്കണക്ക് വൈ കാറ്റഗറി സെക്യൂരിറ്റി; അമിത് ഷാക്ക് നന്ദി പറഞ്ഞ് താരം

ന്യൂഡല്‍ഹി: മുംബൈയ്‌ക്കെതിരായ ‘അധിനിവേശ കശ്മീര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധമുയരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ തുടങ്ങിയ വിവാദങ്ങള്‍ മഹാരാഷ്ട്രയില്‍ ബിജെപി മുതലെടുക്കുന്നതിനിടെയാണ് ശിവസേനക്ക് എതിരെ തിരിഞ്ഞ കങ്കണക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണമൊരുക്കുന്നത്.

ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ ചലച്ചിത്ര മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് കങ്കണ പറഞ്ഞിരുന്നു. അതിനാല്‍ നിലനില്‍ക്കുന്ന ഭീഷണികളെത്തുടര്‍ന്നാണ് സുരക്ഷയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ദേശസ്‌നേഹിയുടെ ശബ്ദത്തെ തകര്‍ക്കാന്‍ ഒരു ഫാസിസ്റ്റിനും കഴിയില്ലെന്നതിന്റെ തെളിവാണിത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പിന്നീട് മുംബൈ സന്ദര്‍ശിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്ന അമിത് ഷായോട് ഞാന്‍ നന്ദിയുള്ളവളാണ്, ഇന്ത്യയുടെ മകളുടെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു, നമ്മുടെ ആത്മാഭിമാനത്തെ ബഹുമാനിക്കുന്നു, ജയ് ഹിന്ദ്.. കങ്കണ ട്വിറ്ററില്‍ കുറിച്ചു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ കോണ്‍ഗ്രസ് -ശിവസേന -എന്‍സിപി സര്‍ക്കാരുകള്‍ക്കെതിരെ ബിജെപിക്കൊപ്പം കങ്കണ രംഗത്തെത്തിയിരുന്നു. രാജ്യം കോവിഡ് ദുരിതവും സാമ്പത്തിക മാന്ദ്യവും നേരിടുന്നതിനിടെ പ്രമുഖര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മാധ്യമങ്ങളെ വിവാദ വിഷയങ്ങളിലേക്ക് എത്തിക്കുന്ന രീതിയായിരുന്നു കങ്കണയുടേത്. സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരമായി ആക്രമണമഴിച്ചുവിട്ടിരുന്നു കങ്കണ പരിധിവിട്ട പല ആരോപണങ്ങളും നടത്തിയിരുന്നു. ഇതിനുപിന്നാലെ കങ്കണയ്‌ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവുത്ത് അടക്കം പലരും രംഗത്തെത്തി. തുടര്‍ന്നാണ് മുംബൈ പാക്ക് അധിനിവേശ കശ്മീര്‍ പോലെയെന്ന് കങ്കണ പ്രസ്താവന നടത്തിയത്.

നരേന്ദ്ര മോദി അനുയായിയും ബിജെപി അനുഭാവിയുമായ കങ്കണ മുംബൈയിലെത്തിയാല്‍ വനിത നേതാക്കളെക്കൊണ്ട് മര്‍ദിപ്പിക്കുമെന്ന് ശിവസേന എംപി പ്രതാപ് സര്‍നായിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കങ്കണയ്ക്ക് മുംബൈയിലും സുരക്ഷയൊരുക്കുമെന്ന ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കങ്കണ ഹിമാചലിന്റെ മകളാണെന്നും അതിനാല്‍ സുരക്ഷയൊരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈമാസം ഒന്‍പതിന് കങ്കണ മുംബൈയിലെത്തുന്നുണ്ട്.

 

 

chandrika: